Lifestyle

രാവിലെ ഈ ശീലങ്ങൾ പിന്തുടരാന്‍ റെഡിയാണോ? ശരീരഭാരം കുറയ്ക്കാം, വണ്ണം വയ്ക്കുകയേയില്ല

ശരീരഭാരം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇന്ന് പലര്‍ക്കും. ചിലരുടെ ശരീരം എപ്പോഴും നല്ല ഫിറ്റായി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താനും ശ്രമിയ്ക്കാറുണ്ട്. മറ്റു പലര്‍ക്കും ഇത് സാധിയ്ക്കാറില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവര്‍ അവരുടെ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നവരാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം….

* പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം – ശരീരഭാരം നിയന്ത്രിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ ആയിരിക്കും എന്നതിനാല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം കൂടിയാണ് പ്രാതല്‍. ധാരളം പ്രോട്ടീനും മിതമായ അളവില്‍ അന്നജവും അടങ്ങിയ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള ഊര്‍ജ്ജമേകും. മുട്ട, യോഗര്‍ട്ട്, മുഴുധാന്യങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

* നേരത്തെ എഴുന്നേല്‍ക്കാം – ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നവരില്‍ പൊതുവായി കാണുന്ന പ്രത്യേകത അവരെല്ലാം വളരെ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുന്നവരാണ് എന്നാണ്. രാത്രി പത്തുമണിക്ക് കിടന്ന് രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക് എഴുന്നേല്‍ക്കാം. 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കാന്‍ ഈ ശീലം സഹായിക്കും. ഇത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിന് കേടുപാടുകള്‍ തീര്‍ക്കാനും ക്ലെന്‍സിങ്ങിനും സഹായിക്കും. പകല്‍ മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ ഇതു മൂലം സാധിക്കും. രാത്രി 11 മണിക്കുശേഷം ഉറങ്ങുന്നത് ശരീരഭാരം കൂടാനും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കും എന്ന് പഠനങ്ങള്‍ പറയുന്നു.

* രാവിലെ നേരത്തെ കഴിക്കാം – ശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിര്‍ത്തുന്നവരെല്ലാം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് രാവിലെ നേരത്തെ ഭക്ഷണം കഴിക്കുക എന്നത്. രാവിലെ ഉണര്‍ന്നയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതിനുശേഷം ഒരു പിടി ബദാമോ വല്‍നട്‌സോ പോലുള്ളവ കഴിക്കാം. പോഷകസമ്പുഷ്ടമായ ഈ ഭക്ഷണം, ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും കാലറി കത്തിക്കാന്‍ ശരീരത്തെ ഇത് സഹായിക്കുകയും ചെയ്യും. നട്‌സിനു പകരം പഴങ്ങളോ പച്ചക്കറി ജ്യൂസോ കുടിക്കുന്നതും ഉപാപചപ്രവര്‍ത്തനം മെച്ചപ്പെടുത്തും.

* ഒഴിവാക്കാം തടസങ്ങള്‍ – ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരെല്ലാം ചിട്ടയായ പ്രഭാത ശീലങ്ങള്‍ പിന്തുടരുന്നവരായിരിക്കും. ടിവി കാണുക, സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുക തുടങ്ങിയവയൊന്നും ഇവരെ തടസപ്പെടുത്തില്ല പകരം അവര്‍ തങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും. രാവിലെ ഉണരുക, വ്യായാമം ചെയ്യുക, പോഷകപ്രദമായ പ്രഭാതഭക്ഷണം കഴിക്കുക, ദിവസത്തെ മറ്റ് കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക ഇതെല്ലാമായിരിക്കും അവര്‍ക്ക് പ്രധാനം. തടസങ്ങളെ ഒഴിവാക്കുന്നത് വഴി തങ്ങളുടെ ആരോഗ്യത്തിന് ശ്രദ്ധകൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍ നിങ്ങളെയും സഹായിക്കും.

* മുടക്കരുത് വ്യായാമം – ശരീരഭാരം കൂടാതെ കാക്കുന്നവരുടെ ശീലങ്ങളില്‍ ഒന്നാണ് വ്യായാമം. അവരുടെ ദിനചര്യയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണിത്. ബ്രിസ്‌ക്ക്  വോക്ക്, രാവിലത്തെ ജോഗിങ്ങ്, സൈക്ലിങ്ങ് അല്ലെങ്കില്‍ യോഗ ഇവയിലേതിലെങ്കിലും മുഴുകുന്നത് പേശികളെ ശക്തിപ്പെടുത്തുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഓട്ടം,സൈക്ലിങ്ങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങളും വര്‍ക്ഔട്ടുകളും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും മസില്‍ മാസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇതു കൂടാതെ യോഗയും ധ്യാനവും ചെയ്യുന്നത് വഴക്കം മെച്ചപ്പെടുത്തുകയും സ്‌ട്രെസ് കുറയ്ക്കുകയും സൗഖ്യമേകുകയും ചെയ്യും.