Sports

ഹെര്‍മോസോയെ റുബിയാലസ് ചുംബിച്ച വിവാദം മീടൂ ക്യാമ്പയിനായി, ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞ് 200 പേര്‍

ലോകകപ്പ് ജേതാക്കളായി നാട്ടിലെത്തിയപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ സ്പെയിനിന്റെ വനിതാ ഫുട്ബോള്‍ ടീം അംഗം ജെന്നി ഹെര്‍മോസോയെ ചുംബിച്ചത് ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഹെര്‍മോസോ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ലൂയിസ് റൂബിയാലെസിനെതിരേ കോടതിയില്‍ പോകുന്നു എന്നതാണ് സംഭവത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്.

എന്നാല്‍ ഈ സംഭവം സ്‌പെയിനില്‍ വലിയൊരു ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ്. വിവാദം സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഒരുതരം ‘മീ ടൂ’ നിമിഷമായി വികസിക്കുന്നതിന്റെ സൂചനയായി മാറിയിട്ടുണ്ട്. തങ്ങളുടെ ജോലിസ്ഥലത്ത് ലിംഗവിവേചനത്തിന്റെയോ അധികാര ദുര്‍വിനിയോഗത്തിന്റെയോ ഇരയാക്കപ്പെട്ട അനുഭവം പങ്കവെയ്ക്കാന്‍ തയ്യാറായി രംഗത്ത് വന്നിരിക്കുന്നത് 200-ലധികം സ്പാനിഷ് സ്ത്രീകളാണ്. അനുചിതമായ സ്പര്‍ശനങ്ങളും ലൈംഗികാതിക്രമങ്ങളും തുടങ്ങി ഓഫീസില്‍ കേട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പെടെയുള് അനുഭവങ്ങള്‍ സ്ത്രീകള്‍ വിശദമായി പങ്കുവെച്ചിരിക്കുകയാണ്.

ഗ്ലോബല്‍ ഹെല്‍ത്ത് സ്‌പെയിനിലെ സ്ത്രീ അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പ്രൊഫസറായ ഹെലീന ലെഗിഡോ ക്വിഗ്ലിയുടെ അഭിപ്രായത്തില്‍, അത്തരം നിരവധി അനുഭവങ്ങളില്‍ രണ്ടോ മൂന്നോ മാത്രമാണ് തങ്ങള്‍ പങ്കിടുന്നതെന്ന് അവരില്‍ ഭൂരിഭാഗവും പറഞ്ഞു എന്നതാണ് ഭയാനകമായ കാര്യം. ഈ സ്ത്രീകളില്‍ ഭൂരിഭാഗവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. ഭയം മുതല്‍ അത്തരമൊരു സാഹചര്യത്തില്‍ കൃത്യമായി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള അജ്ഞത വരെയായിരുന്നു ഇവരുടെ മരവിപ്പിന് കാരണങ്ങള്‍. ‘പല കേസുകളും അവരുടെ കരിയറിനെ വരെ നശിപ്പിക്കുന്നതായിരുന്നെന്ന് ലെഗിഡോ-ക്വിഗ്ലി പറഞ്ഞു.

കഴിഞ്ഞ മാസം രാജ്യം വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന് ശേഷം നാട്ടിലെത്തിയപ്പോള്‍ സ്പെയിനിന്റെ വനിതാ ഫുട്ബോള്‍ ടീം അംഗം ജെന്നി ഹെര്‍മോസോയുടെ ചുണ്ടില്‍ ലൂയിസ് റൂബിയാലെസിന്റെ അനുവാദം കൂടാതെ ചുംബിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, സ്‌പെയിനിന്റെ ദേശീയ വനിതാ ടീമിലെ 15 കളിക്കാര്‍ കോച്ച് ജോര്‍ജ് വില്‍ഡയുടെ കീഴില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. സാഹചര്യം തങ്ങളുടെ ആരോഗ്യത്തെയും വൈകാരികാവസ്ഥയെയും ബാധിക്കുന്നുവെന്ന് പറഞ്ഞ് എല്ലാ കളിക്കാരും ഒരേ കാരണം കാണിച്ചുള്ള കത്തുകള്‍ അയയ്ക്കുകയായിരുന്നു.