ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പല തവണ ചാംപ്യന്മാരായിട്ടുള്ള മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ് എഫ് സി പുതുവര്‍ഷത്തില്‍ വീണ്ടും പരിശീലകനെ മാറ്റി. രണ്ടുതവണ ഐഎസ്എല്‍ കിരീടം നേടിക്കൊടുത്ത അന്റോണിയോ ഹബാസ് ബഗാന്റെ പരിശീലകനായി വീണ്ടും എത്തും. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റതിന് പിന്നാലെ ബഗാന്‍ നിലവിലെ പരിശീലകന്‍ യുവാന്‍ ഫെറണ്ടോയെ പുറത്താക്കി.
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുതുവര്‍ഷത്തില്‍ ഈ മാസം അവസാനം നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പില്‍ കളിക്കുമ്പോള്‍ ഹബാസ് ചുമതലയേല്‍ക്കുമെന്ന് ക്ലബ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഐഎസ്എല്‍ ഈ സീസണില്‍ ആദ്യ ഏഴു കളികളില്‍ ആറിലും വിജയങ്ങളോടെ തോല്‍വിയറിയാതെ മുന്നേറിയ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ഏഷ്യന്‍ കപ്പിനായി ബ്രേക്ക് ചെയ്യുന്നതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളിലും തോല്‍വിയറിഞ്ഞു. ഇതുവരെ ലീഗില്‍ സ്വന്തം മണ്ണില്‍ പരാജയപ്പെട്ടിട്ടില്ലാത്ത കേരള ബ്‌ളാസ്‌റ്റേഴ്‌സിനോടും തോറ്റു.
ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെതിരായ 1-0 വിജയത്തോടെ ഈ സീസണില്‍ ഡുറാന്‍ഡ് കപ്പ് കിരീടത്തിലേക്ക് അവരെ നയിച്ച ഫെറാന്‍ഡോയുടെ കീഴില്‍, മോഹന്‍ ബഗാന്‍ 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റ് നേടി. നിലവില്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. ഫെറാന്‍ഡോയുടെ കീഴില്‍ തുടര്‍ച്ചയായ സീസണുകളില്‍ മോഹന്‍ ബഗാന്‍ എഎഫ്സി കപ്പിലും പരാജയപ്പെട്ടിരുന്നു. രണ്ടാം ടയര്‍ ഏഷ്യന്‍ ക്ലബ് മത്സരത്തിലെ ഏറ്റവും ചെലവേറിയ കളിക്കാര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നിട്ടും, ഗ്രൂപ്പില്‍ നിന്ന് പുറത്തായി.
‘ഐഎസ്എല്‍ കപ്പ് വിജയത്തിന്, ഡ്യൂറന്‍ഡ് കപ്പ് വിജയത്തിന്, നിരവധി ഓര്‍മ്മകള്‍ക്ക്, നന്ദി ജുവാന്‍!,’ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ ബുധനാഴ്ച ഉച്ചയ്ക്ക് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഫെറാന്‍ഡോയ്ക്ക് ’43-ാം ജന്മദിനാശംസകള്‍’ നേര്‍ന്ന് ഏകദേശം 18 മണിക്കൂറിന് ശേഷം അവര്‍ പുറത്താക്കിയതായും അറിയിച്ചു.