Movie News

‘എംപുരാന്‍’ ഹിന്ദുവിരുദ്ധ പ്രോപ്പഗണ്ടയെന്ന് ആക്ഷേപം; സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക് എതിരേ പ്രചരണം

മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍ ഒടുവില്‍ വ്യാഴാഴ്ച വലിയ സ്‌ക്രീനുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും.. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, 2019 ലെ ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം സമ്മിശ്ര പ്രതികരണങ്ങളും അവലോകനങ്ങളും നേടി മുന്നേറുമ്പോള്‍ സിനിമ ഹിന്ദുവിരുദ്ധ പ്രചരണം നടത്തുന്നു എന്ന ആക്ഷേപം ഉയരുകയാണ്.

ഹിന്ദുവിരുദ്ധതയും വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളെ ഇകഴ്ത്തുന്ന ഒരു രാഷ്ട്രീയ സ്വഭാവവും സിനിമയ്ക്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. സംവിധായകന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും വഞ്ചിച്ചുവെന്ന് ആരോപിച്ച് ചില വലതുപക്ഷ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അതൃപ്തി പ്രകടിപ്പിച്ചു.

‘എംപുരാന്‍’ ഹിന്ദുക്കളെ അപമാനിക്കുന്ന ഒരു പ്രചാരണ ചിത്രമാണെന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയുള്‍പ്പെടെ ഉപഭൂഖണ്ഡത്തിലുടനീളം ഹിന്ദുക്കളുടെ വംശഹത്യ തുടരുന്നതിനിടയില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ‘എമ്പുരാന്‍’ ഒരു തുറന്ന ഹിന്ദു-ആക്ഷേപ പ്രചാരണ ചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമ സ്ഥാപനമായ ഹിന്ദുപോസ്റ്റ് അഭിപ്രായപ്പെട്ടു.

അതുപോലെ എമ്പുരാന്‍ കാണരുത് എന്ന ബഹിക്കരണ ആഹ്വാനം സംഘപരിവാര്‍ ആരംഭിച്ചിട്ടുള്ളതായുള്ള പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇടതുപക്ഷ ചായ് വുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ‘സത്യസന്ധമായ ഒരു കഥ പറയുന്നതില്‍ ധൈര്യം കാണിച്ചതിന്’ പൃഥ്വിരാജിനെ പ്രശംസിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നിട്ടുണ്ട്. ”ഗണ്യമായ ബജറ്റ് ഉള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ധീരതയ്ക്കുള്ള അവാര്‍ഡുകളും സത്യം വെളിപ്പെടുത്താന്‍ ശ്രമിച്ചതിന് അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു” എന്ന് മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പോസ്റ്റ് ചെയ്തു.

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മുരളീഗോപിയെയും അഭിനന്ദിച്ചുകൊണ്ടു സാമൂഹ്യമാധ്യമത്തില്‍ വന്ന ഒരു പോസ്റ്റില്‍ ഇങ്ങിനെ പറയുന്നു. ” ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തരമന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് പച്ചയ്ക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍”. മുന്‍ എംഎല്‍എ വി ടി ബല്‍റാം ഫേസ്ബുക്കില്‍ ചിത്രത്തിന്റെ സ്വീകരണത്തില്‍ തന്റെ ആനന്ദം പ്രകടിപ്പിച്ചതില്‍ കോണ്‍ഗ്രസ് അനുയായികള്‍ ആവേശഭരിതരായിരുന്നു. ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള രഹസ്യ സഹകരണത്തെ സൂചിപ്പിക്കുന്ന ‘കുങ്കുമപ്പൂവ് സഖാവ്’ എന്ന പദം പോലും അദ്ദേഹം എടുത്തുകാട്ടിയിരുന്നു.

അടുത്ത കാലത്ത് പൊതു-രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രചാരം നേടിയ അനേകം സിനിമകള്‍ പുറത്തുവന്നിരുന്നു. കാശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി, ആര്‍ട്ടിക്കിള്‍ 370, സബര്‍മതി റിപ്പോര്‍ട്ട്, സവര്‍ക്കര്‍ തുടങ്ങിയ സിനിമകള്‍ക്ക് എതിരേ ബിജെപിയുടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. സാമ്രാട്ട് പൃഥ്വിരാജ്, ദി കേരള സ്റ്റോറി, ബസ്തര്‍: ദി നക്‌സല്‍ സ്റ്റോറി, ദി കശ്മീര്‍ ഫയല്‍സ് തുടങ്ങിയ സിനിമകളുടെ ആശയങ്ങളെയും സൃഷ്ടികളെയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇവ ദേശീയ വിഷയങ്ങളിലൂടെ സാംസ്‌കാരിക അഭിമാനത്തിന് ഊന്നല്‍ നല്‍കുകയോ ചില ശക്തികളുടെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്നുവെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞത്.

2019 ല്‍ വന്‍ വിജയം നേടിയ ലൂസിഫറിന്റെ വിജയത്തെത്തുടര്‍ന്ന്, പ്ലാന്‍ ചെയ്ത ഒരു ട്രൈലോജിയിലെ രണ്ടാംഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാമിനെ കേന്ദ്രബിന്ദുവാക്കി ഒരു സാമൂഹിക-രാഷ്ട്രീയ നാടകത്തിലേക്ക് സിനിമ ആഴ്ന്നിറങ്ങുന്നത്. ടൊവിനോ തോമസ്, അഭിമന്യു സിംഗ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാരിയര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അതേസമയം സിനിമ വന്‍ മുന്നേറ്റം നടത്തുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ചിത്രമായിട്ടാണ് എംപുരാന്‍ മാറുന്നത്. മുന്‍കൂര്‍ ബുക്കിംഗിലൂടെ ഏകദേശം 20 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ചിത്രം ആദ്യദിവസം തന്നെ 30 കോടിയെങ്കിലും കളക്ട് ചെയ്തിരിക്കാമെന്നാണ് കണക്കുകള്‍.