Movie News

‘സ്വർണപ്പണിക്കാരനായ എന്റെ അച്ഛനുണ്ടാക്കിയതാണ് ആ കമ്മൽ’; വാലിബന്റെ കമ്മലിന് പിന്നിലെ കഥ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ആരംഭിക്കുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വാലിബന്റെ ചെവിയുടെ ക്ലോസ് ഷോട്ടില്‍ നിന്നാണ്. ഈ ഇയര്‍ കഫ് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ആ കമ്മല്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പറയുകയാണ് സേതു ശിവാനന്ദ് എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. ‘ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍. ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്തിന്റെയും നിര്‍ദേശപ്രകാരം ചെയ്തതാണ്. ഈ കമ്മല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛന്‍ ശിവാനന്ദന്‍ ആണ്. അച്ഛന്‍ ഒരു ഗോള്‍ഡ്‌സ്മിത്ത് ആണ്. ഒപ്പം കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ചെയ്യുന്നുമുണ്ട്,’ – സേതു ഫേസ്ബുക്കില്‍ പങ്കു വച്ച വീഡിയോയില്‍ പറയുന്നു.

ആഭരണത്തിനു ഒരു റഫ് ഫീല്‍ വേണം എന്നും അത് ഹാന്‍ഡ് മെയ്ഡ് ആവണം എന്നും ലിജോ പറഞ്ഞിരുന്നു. ടീസറില്‍ ഇത് കണ്ടപ്പോള്‍ ഏറെ സന്തോഷമായി എന്നും സേതു കൂട്ടിച്ചേര്‍ത്തു. ജനുവരി 25-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.