കോഴഞ്ചേരി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ലോകമെങ്ങും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ തറവാടും ജന്മനാടും മധുരം വിളമ്പിയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒപ്പം ചേരുന്നു.
ഇലന്തൂരിലുള്ള പുന്നക്കല്‍ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സദ്യ ഒരുക്കി പിറന്നാള്‍മധുരം പങ്കിട്ടു. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി ആയിരുന്ന പിതാവ്‌വിശ്വനാഥന്‍ നായരുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നെങ്കിലും ലാലേട്ടന്റെ കൗമാരവും യുവത്വവും അവധിക്കാലങ്ങളില്‍ ചെലവഴിച്ചിരുന്നത് അമ്മയുടെ തറവാടായ പുന്നക്കലില്‍ആയിരുന്നു. ഇക്കാലത്ത് നിരവധി സുഹൃദ് ബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്ന വലിയമ്മാവന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പുന്നക്കല്‍ ശ്രീധരന്‍ പിള്ളയുടെ മകള്‍ ശ്രീലേഖ പറഞ്ഞു. തിരക്കുകള്‍ക്കിടയിലും തറവാട്ടിലെ ചടങ്ങുകളും കാവിലെ പൂജകളും ഒഴിവാക്കാറില്ല.
രാത്രി മുഴുവന്‍ നീളുള്ള പൂജകളില്‍ സജീവമായി അദ്ദേഹം പങ്കെടുക്കാറുമുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാ വിശേഷങ്ങളും അദ്ദേഹം നിരന്തരം അന്വേഷിക്കുകയും ഇടപെടുകയും ചെയ്യുമെന്നും ലേഖ പറഞ്ഞു.
ജന്മനാട്ടിലെ അനുഭവങ്ങളും കഥകളും അദ്ദേഹം എഴുത്തുകളിലും അഭിമുഖങ്ങളിലുംപങ്കു വയ്ക്കാറുമുണ്ട്. ഇലന്തൂര്‍ വഴിയുള്ള തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രയും ഇതിനൊപ്പം ചേര്‍ക്കും. എന്നാല്‍ സിനിമയില്‍ സജീവമായതോടെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രമാണ് ജന്മനാട്ടിലിലേക്ക് എത്തുന്നത്.
ശബരിമല, മലയാലപ്പുഴ, ആറന്മുള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് വേണ്ടിയും അദ്ദേഹം എത്തും. അടുത്തിടെ റാന്നിയിലെ ടാക്‌സി ഡ്രൈവറുടെ കഥ പറയുന്ന സിനിമയില്‍ അഭിനയിക്കാനായി അദ്ദേഹം എത്തിയിരുന്നു. ശബരിമല പാതയില്‍ ചാലക്കയത്തായിരുന്നു ചിത്രീകരണം. ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആറന്മുളയില്‍ അന്നദാനവും നടന്നു.