Celebrity

രേവതിയുടേയും ശോഭനയുടേയും തോളില്‍ കൈയ്യിട്ട് മോഹന്‍ലാല്‍; ഓര്‍മ്മച്ചിത്രവുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം.

ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം മോഹന്‍ലാലിനേയും രേവതിയേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. രേവതിയുടേയും ശോഭനയുടേയും തോളത്ത് കൈയ്യിട്ടു കൊണ്ട് ഇരിയ്ക്കുകയാണ് മോഹന്‍ലാല്‍. മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ മായാമയൂരത്തിന്റെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് ശോഭന പങ്കുവെച്ചിരിയ്ക്കുന്നത്. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, രേവതി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാമയൂരം. മോഹന്‍ലാല്‍ ഇതില്‍ നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങളാണ് ചെയ്തിരിയ്ക്കുന്നത്. മനോഹരമായ സിനിമയായിരുന്നെങ്കിലും ചിത്രത്തിന് തിയേറ്ററില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

മായാമയൂരത്തിലെ ചിത്രമാണെന്ന് പറഞ്ഞു കൊണ്ടല്ല ശോഭന ഇത് പങ്കുവെച്ചിരിയ്ക്കുന്നത്. എന്നാല്‍ രേവതിയുടേയും മോഹന്‍ലാലിന്റേയും ലുക്കില്‍ നിന്ന് ഇത് മായാമയൂരം ചിത്രീകരണത്തിന് ഇടയില്‍ എടുത്തതാണെന്ന് മനസിലാകും. ആരാധകരും ഇത് മായാമയൂരത്തിലെ കഥാപാത്രങ്ങളായ നന്ദയും, ഉണ്ണിയും, ഭദ്രയുമാണന്ന് കമന്റ് ചെയ്തിട്ടുണ്ട്.