Sports

എന്നുവരും നീ…; ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലുള്ള ഷമിയുടെ തിരിച്ചുവരവ് കാത്ത് ആരാധകര്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്ന മുഹമ്മദ് ഷമി 2023 ഏകദിന ലോകകപ്പിലെ തന്റെ സ്വപ്ന റണ്ണിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന താരം എപ്പോള്‍ തിരിച്ചുവരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് ഷമി കളിക്കളത്തിന് പുറത്തായത്.

ഫെബ്രുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം താരം സുഖം പ്രാപിക്കാനുള്ള പാതയിലാണ്. പുനരധിവാസത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ തുടങ്ങിയിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തനിക്ക് നഷ്ടമായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒക്ടോബര്‍ 2ന് ഷമി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പുനരധിവാസത്തിനിടെ താരത്തിന്റെ കാല്‍മുട്ട് വീണ്ടും നീരുവെച്ചിരുന്നു. ഇതോടെ താരത്തിന് പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ ആറാഴ്ചകള്‍ വേണ്ടിവരുമെന്ന് സൂചനകളുണ്ട്. ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാത്തതിന് ശേഷം, ഏറ്റവും പുതിയ അപ്ഡേറ്റില്‍, തന്റെ തിരിച്ചുവരവ് തിരക്കുകൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഷമി സ്ഥിരീകരിച്ചു.

വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയെക്കുറിച്ചോ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ചോ താന്‍ ചിന്തിക്കുന്നില്ലെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്റെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് ഷമി ഉദ്ദേശിക്കുന്നത്. തന്റെ അന്താരാഷ്ട്ര തിരിച്ചുവരവിനായി ‘പൂര്‍ണ്ണമായി തയ്യാറെടുക്കാന്‍’ ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് പേസര്‍ സ്ഥിരീകരിച്ചു.