Featured Lifestyle

ഔറസ്‌ സെനറ്റ്‌ ‘ഉപേക്ഷിച്ചു’; മോദിയുടെ കാറില്‍ പുടിന്‍

ന്യൂഡല്‍ഹി: ഔദ്യോഗിക വാഹനമായ ഔറസ്‌ സെനറ്റിനെ ‘ഉപേക്ഷിച്ച്‌’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്‌ത്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍. ഡല്‍ഹി വിമാനത്താവളത്തില്‍ മോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു. ഇരുവരും ഹസ്‌തദാനം ചെയ്യുകയും പരസ്‌പരം ആലിംഗനം ചെയ്യുകയും ആശംസകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഒരേ കാറില്‍ ഇരുവരും പുറത്തേക്കു പോയത്‌.

റഷ്യന്‍ പ്രസിഡന്റിന്റെ വാഹനം ആ വാഹനത്തിനു പിന്നാലെ സഞ്ചരിച്ചു. സെപ്‌റ്റംബറില്‍ ചൈനയില്‍ നടന്ന എസ്‌.സി.ഒ. ഉച്ചകോടി വേദിയിലും മോദിയും പുടിനും ഒരേ വാഹനത്തില്‍ യാത്ര ചെയ്‌തിരുന്നു. അന്ന്‌ പുടിന്റെ കാറിലാണു മോദി കയറിയത്‌. മോസ്‌കോയുമായുള്ള ന്യൂഡല്‍ഹിയുടെ എണ്ണ വ്യാപാരത്തിനെതിരേ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ കനത്ത താരിഫുകള്‍ പ്രഖ്യാപിച്ച സമയത്ത്‌, എസ്‌.സി.ഒ. ഉച്ചകോടിയിലെ ഒരുമിച്ചുള്ള ആ കാര്‍ യാത്ര ശക്‌തമായ ഒരു സന്ദേശം കൂടിയായിരുന്നു.

ചൈനയില്‍ പുടിന്റെ വാഹനമായ ഓറസ്‌ സെനറ്റിന്‌ പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ കാറെങ്കില്‍, ഇന്നലെ ഡല്‍ഹിയില്‍ ഇരുനേതാക്കളും സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണറിന്‌ പിന്നാലെയായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ വാഹനം.
പുടിനെ വ്യക്‌തിപരമായി ഇന്ത്യന്‍ മണ്ണിലേക്ക്‌ സ്വാഗതം ചെയ്യാനുള്ള മോദിയുടെ നീക്കത്തെക്കുറിച്ച്‌ റഷ്യന്‍ സംഘത്തിന്‌ മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. പുടിന്‍ രണ്ട്‌ ദിവസത്തേക്ക്‌ ഇന്ത്യയിലുണ്ടാകും. നാളെ പ്രധാനമന്ത്രി മോദിക്കൊപ്പം അദ്ദേഹം 23ാമത്‌ ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്നലെ രാത്രി മോദിയും പുടിനും ഒരുമിച്ച്‌ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുത്തു.