ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം നോക്കാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന് തന്നോട് ആവശ്യപ്പെട്ടതാണ് വിവാഹം ഒരിക്കലും പരിഗണിക്കരുതെന്ന ചിന്തയിലേക്ക് എത്തിച്ചതെന്ന് താരം പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം മറ്റൊരു വിവാഹാലോചനക്കാരനുമായുള്ള സംഭാഷണം വെളിപ്പെടുത്തി. തന്റെ കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന മിതാലിയോട് വിവാഹം കഴിക്കുകയാണെങ്കില്‍ തന്റെ കുടുംബത്തെയും കുട്ടികളെയും തന്റെ മാതാപിതാക്കളെയും പരിപാലിക്കാന്‍ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് അയാള്‍ വ്യക്തമാക്കി. തന്റെ മാതാവിന് അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ ബാറ്റുമെടുത്തുകൊണ്ട് ഓടുമോ എന്ന് അയാള്‍ മുന്‍ഗണന വെച്ചപ്പോള്‍ തന്നെ ആ സംഭാഷണം നിരാശപ്പെടുത്തിയെന്ന് 42 കാരി പറഞ്ഞു.
”അയാളുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. അന്ന് ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നു. നിങ്ങള്‍ ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് അയാള്‍ പറഞ്ഞു. കാരണം നിങ്ങള്‍ വിവാഹശേഷം കുട്ടികളെ നോക്കണം. എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവരെ നോക്കുമോ അതോ ക്രിക്കറ്റ് കളിക്കാന്‍ പോകുമോ’ എന്നായിരുന്നു അവന്‍ ചോദിച്ച ഏറ്റവും വിചിത്രമായ ചോദ്യം. ഇത് എന്ത് തരം ചോദ്യമാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കൂടുതല്‍ പ്രധാനമെന്ന് അറിയണമെന്നായിരുന്നു മറുപടി. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അടുത്തതായി എന്താണ് പറഞ്ഞതെന്ന് എനിക്ക് കൃത്യമായി ഓര്‍മ്മയില്ല, പക്ഷേ അത് എന്നെ മാറ്റിനിര്‍ത്തി,” അവള്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ വനിതാ ക്രിക്കറ്റ് താരങ്ങളും അഭിമുഖീകരിക്കുന്ന പൊതുവായ ചോദ്യങ്ങളാണിതെന്ന് പറഞ്ഞ താരം പിന്നീട് ഒരു സുഹൃത്തുമായുള്ള സംഭാഷണം വിവാഹത്തിന്റെ പേരില്‍ തന്റെ കരിയര്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ സഹായിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി.
”എന്റെ ഒരു സഹതാരം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, നിങ്ങള്‍ സ്വന്തമായി ചില ക്രമീകരണം ജീവിതത്തില്‍ നടപ്പാക്കേണ്ടതുണ്ട്. കാരണം ഇതേ ജീവിതശൈലി പിന്തുടരാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരാളെ നിങ്ങള്‍ ഒരിക്കലും കണ്ടെത്തുകയില്ല. മിക്ക പുരുഷന്മാരും ഈ രീതിയിലുള്ള ചോദ്യമായിരിക്കും ചോദിക്കുക. അവള്‍ അത് പറഞ്ഞതോടെ അന്ന് ഞാന്‍ മനസ്സില്‍ ഉറച്ച തീരുമാനം എടുത്തു. എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു കളിക്കാരി യായി മാറാന്‍ ഞാനും ഒരുപാട് ത്യാഗങ്ങള്‍ ചെയ്തു. അവന്റെ വീട് നോക്കാന്‍ എന്റെ കരിയര്‍ ഉപേക്ഷിക്കണമെന്ന് തോന്നുന്ന വ്യക്തിക്ക് ഞാന്‍ ഒരിക്കലും വഴങ്ങിക്കൊടുക്കാന്‍ പോകുന്നില്ല.”അവര്‍ പറഞ്ഞു. മാതാവിന്റെ സഹോദരി കൊണ്ടുവന്നതിനാലാണ് താന്‍ പെണ്ണുകാണലിന് തന്നെ സമ്മതിച്ചതെന്നും താരം പറഞ്ഞു.
തന്റെ അമ്മയുടെ സഹോദരി കൊണ്ടുവന്ന ചെറുക്കന്മാര്‍ക്കൊന്നും അന്നത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെക്കുറിച്ചാണ് തന്നോട് സംസാരിക്കുന്നതെന്ന ധാരണ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു. പുരുഷന്മാര്‍ വിവാഹശേഷം എത്ര കുട്ടികളെ വേണമെന്ന് ചര്‍ച്ച ചെയ്യുന്ന ആ പ്രായത്തില്‍ തന്റെ ശ്രദ്ധ ഇന്ത്യന്‍ ക്രിക്കറ്റിലും കരിയറിലും മാത്രമായിരുന്നുവെന്ന് അഭിമുഖത്തില്‍ മിതാലി സമ്മതിച്ചു. താന്‍ എപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെന്നും അതിനിടയില്‍ എനിക്ക് എത്ര കുട്ടികളെ വേണം അല്ലെങ്കില്‍ വീടിന് വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കണം എന്നൊക്കെയുള്ള പ്രസ്താവനകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും അവര്‍ പറഞ്ഞു.