Sports

പിങ്ക് പന്തു കൊണ്ട് അത്ഭുതം കാട്ടുന്നു; സ്റ്റാര്‍ക്ക് കുറിച്ചത് ലോകറെക്കോഡ്

അഡ്ലെയ്ഡ് ഓവലില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024 ലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കനത്ത നാശം വിതച്ച ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടത്തില്‍ ഒരു ലോകറെക്കോഡും പിടിച്ചുവാങ്ങിയാണ് പോയത്. പിങ്കു പന്തുകള്‍ കൊണ്ടുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടാണ് സ്റ്റാര്‍ക്ക് മാറിയത്.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം 71 വിക്കറ്റുകളായി. കളിയുടെ ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിനെ പുറത്താക്കിയായിരുന്നു സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനം തുടങ്ങിയത്. പിന്നാലെ കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ഇരകളായി. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍, രണ്ടുപേരെയും പറഞ്ഞുവിട്ടു. പിന്നാലെ രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഷിത് റാണ എന്നിവരുടെ അവസാന വിക്കറ്റുകള്‍ സ്വന്തമാക്കുന്നതിന് മുമ്പ് വിരാട് കോഹ്ലിയുടെ വിക്കറ്റും വീഴ്ത്തി.

അങ്ങനെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളിലെ തന്റെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം സ്വന്തമാക്കി. അങ്ങനെ പിങ്ക് പന്തില്‍ നാലുപ്രാവശ്യം അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ ബൗളറായിട്ടാണ് സ്റ്റാര്‍ക്ക് മാറിയത്. വാസ്തവത്തില്‍, മറ്റൊരു കളിക്കാരനും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം പോലും നേടിയിട്ടില്ല.

രണ്ടു തവണ വീതം അഞ്ചുവിക്കറ്റ് നേട്ടമുണ്ടാക്കിയിട്ടുള്ളവരാണ് ജോഷ് ഹാസില്‍വുഡ്, യാസിര്‍ ഷാ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍. 70 പിങ്ക് ബോള്‍ വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക് മാറിയപ്പോള്‍ തൊട്ടുപിന്നില്‍ 43 വിക്കറ്റ് നേടിയ നഥാന്‍ ലിയോണ്‍, 37 വിക്കറ്റുകള്‍ നേടിയ ഹസല്‍വുഡ്, 34 വിക്കറ്റുകളുള്ള പാറ്റ് കമ്മിന്‍സ്, 24 വിക്കറ്റുകളുള്ള ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് തൊട്ടു പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *