Oddly News

കാണാതായി രണ്ടു മാസത്തിനുശേഷം 71കാരന്റെ മൃതദേഹം പര്‍വ്വത മുകളില്‍; തൊട്ടടുത്ത് ജീവനോടെ വളര്‍ത്തുനായയും


വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ പോയി കാണാതായ 71 കാരന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം പര്‍വ്വതമുകളില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ അരികില്‍ കാവല്‍ നില്‍ക്കുന്ന നിലയില്‍ നായയെയും കണ്ടെത്തി. കോളറാഡോയില്‍ നടന്ന സംഭവത്തില്‍ 71 കാരനായ റിച്ച് മൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്്. ഇരുവര്‍ക്കും വേണ്ടി ഓഗസ്റ്റ് 19-ന് ആരംഭിച്ച തെരച്ചില്‍ ബ്ലാക്ക്ഹെഡ് പീക്ക് കൊടുമുടിയിലാണ് അവസാനിച്ചത്.

മൂറിന്റെ വെള്ളനിറത്തിലുള്ള ജാക്ക് റസ്സല്‍ ടെറിയര്‍ ഫിന്നി യജമാനന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്ന നിലയിലായിരുന്നു. പഗോസ സ്പ്രിംഗ്‌സിന് ഏകദേശം 20 മൈല്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന ബ്ലാക്ക്‌ഹെഡ് പീക്കിന്റെ കൊടുമുടിയില്‍ കയറാനുള്ള യാത്രയ്ക്കിടയിലാണ് ഇരുവരേയും കാണാതായത്. ഒക്ടോബര്‍ 30-ന് ഒരു വേട്ടക്കാരനാണ് മൂറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ 31 ന്, ഗസറ്റും ഷെരീഫിന്റെ ഓഫീസും അനുസരിച്ച് മൂറിന്റെ മൃതദേഹം കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമായി ഷെരീഫിന്റെ ഓഫീസിലെ അംഗങ്ങളും ഒരു സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമും പ്രദേശത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ചികിത്സയ്ക്കായി ഫിന്നിയെ ആദ്യം മൃഗാശുപത്രിയിലേക്കും പിന്നീട് വീട്ടിലേക്കും കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. മൂറിന്റെ മരണകാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതില്‍ എന്തെങ്കിലും ദൂരുഹതയുള്ളതായി റിപ്പോര്‍ട്ടില്ല.

കൊളറാഡോയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയായ സാന്‍ ജുവാന്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ബ്ലാക്ക്‌ഹെഡ് കൊടുമുടി 12,500 അടി ഉയരത്തിലാണ്. അതേസമയം മരണമടഞ്ഞ യജമാനന് സമീപം നായയെ ജീവനോടെ കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. 2022 മെയ് യില്‍, കാല്‍നടയാത്രയ്ക്കിടെ മരണമടഞ്ഞ 74 വയസ്സുള്ള അരിസോണക്കാരന്റെ ശരീരത്തിനരികില്‍ ലാബ്രഡോര്‍ കിടക്കുന്നതായി കണ്ടെത്തി. അതിന് ഒരു മാസം മുമ്പ്, കാണാതായ 29 കാരനായ കാല്‍നടയാത്രക്കാരനെ ലോസ് ഏഞ്ചല്‍സിലെ ഗ്രിഫിത്ത് പാര്‍ക്കില്‍ മരിച്ച യജമാനന് അരികില്‍ വിശ്വസ്തനായ നായ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചയായി നായ പുറത്തുപോകുന്നില്ലെന്നും വീട്ടുകാര്‍ നിരീക്ഷിച്ചു.