തമിഴ്നാട്ടില്‍ മയിലാടുതുറൈ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വർണ്ണം ഉരുക്കുന്ന കേന്ദ്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണ്ണവുമായി കടന്നുകളഞ്ഞ 17-കാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര സ്വദേശിയായ സുഹാസ് കഴിഞ്ഞ 30 വർഷമായി നടത്തിവരുന്നതാണ് ഈ സ്ഥാപനം. പ്രതിയായ ഓംകാർ എന്ന കൗമാരക്കാരനും മഹാരാഷ്ട്ര സ്വദേശിയാണ്. വെറും ഒരാഴ്ച മുൻപാണ് ഇയാൾ ഇവിടെ ജോലിക്ക് ചേർന്നത്.
ബുധനാഴ്ച, പഴയ സ്വർണ്ണാഭരണങ്ങൾ ഉരുക്കി നിർമ്മിച്ച ഏകദേശം 14 കിലോ സ്വർണ്ണക്കട്ടികളിൽ ഒന്ന് തൂക്കം നോക്കാനായി സുഹാസ് ഓംകാറിനെ ഏൽപ്പിച്ചു. കടയിൽ നിന്നും പുറത്തിറങ്ങിയ ഉടൻ കുട്ടി സ്വർണ്ണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മയിലാടുതുറൈ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പോലീസ് സൂപ്രണ്ട് സ്റ്റാലിൻ സംഭവസ്ഥലത്തെത്തുകയും കുട്ടിയെ കണ്ടെത്താനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് പോലീസ് ഓംകാറിനെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും 1.5 കിലോ സ്വർണ്ണക്കട്ടികൾ വീണ്ടെടുത്തു. പ്രതിയെ മയിലാടുതുറൈ കോടതിയിൽ ഹാജരാക്കിയ ശേഷം തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു.




