കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടേത് കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്‌ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കാണപ്പെട്ടത്. ചിത്രപ്രിയയുടെ തലയ്‌ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ചിത്രപ്രിയ. ശനിയാഴ്‌ച അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടി പിന്നീട് തിരിച്ചു വരാത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിുകയായിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി മൃതദേഹം കണ്ടെത്തുന്നത്.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്‌തമാകൂ. സംഭവുമായി ബന്ധപ്പെട്ട് 2 പേര്‍ പൊലീസ് കസ്‌റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും.
മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയ ആണ് മരിച്ചത്. ശനിയാഴ്‌ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമികമായി സംശയിക്കുന്നതെന്നും കാലടി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ കസ്‌റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പോലീസ് അറിയിച്ചു.
സെബിയൂര്‍ റോഡിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നും കല്ലു കണ്ടെത്തിയിട്ടിുണ്ട്. പോലീസ് സംഭവസ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്‌തത വരുത്താനുണ്ടെന്നും പോലീസ് അറിയിച്ചു. ബംഗളുരുവില്‍ വിദ്യാര്‍ഥിയാണ് ചിത്രപ്രിയ. അമ്മ: ഷിനി. അനുജന്‍: അഭിജിത്ത്.




