ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വരുന്ന പല പോസ്റ്റുകളും നമ്മെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്നും വിരമിച്ച മോഹൻ പർഗെയ്ൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
പച്ചക്കറി വാങ്ങുന്നതിനായി സാധാരണ വീട്ടിലെ സ്ത്രീകൾ ആരെങ്കിലും ആണ് പോകാറുള്ളത്. മറിച്ച് ആണുങ്ങൾ വാങ്ങി വന്നാലോ അതിൽ ഒട്ടും തന്നെ സംതൃപ്തരാകാറുമില്ല. ഭർത്താക്കൻമാർ ഒറ്റയ്ക്ക് കടയിലോ മറ്റോ പോകുകയാണെങ്കിൽ ഭാര്യമാർ പിന്നാലെ നടന്ന് അത് വാങ്ങണം, ഇങ്ങനെ വാങ്ങണം, നോക്കി വാങ്ങണം അങ്ങനെ നൂറു കൂട്ടം ഉപദേശവും നൽകാറുണ്ട്. തന്‍റെ ഭാര്യ പച്ചക്കറി വാങ്ങാനായി താൻ പോയപ്പോൾ നൽകിയ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്.
വളരെ രസകരമായ രീതിയിലാണ് കുറിപ്പുള്ളത്. മറ്റൊന്നുമല്ല തങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളുടെ ലിസ്റ്റാണത്. അതിലെന്താണിത്ര കാര്യം എല്ലാവരും കുറിപ്പ് ഇതുപോലെ കുറിച്ച് വിടാറുണ്ടല്ലോ എന്നല്ലേ. കാര്യമുണ്ട്. ഭാര്യയുടെ കുറിപ്പിൽ പച്ചക്കറിയുടെ പേരു മാത്രമല്ല എങ്ങനെ ഉള്ളവയാണ് വാങ്ങേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരണവും ഒപ്പം അവയുടെ സൈസ് കാണിച്ചുളള പടവും വരച്ച് ചേർത്തിട്ടുണ്ട്.
ഉരുളക്കിഴങ്ങ് വാങ്ങുന്പോൾ ഇടത്തരം വലിപ്പമുള്ളതേ വാങ്ങാവൂ എന്ന് പറഞ്ഞ് അപ്പുറത്തായി പല വലിപ്പങ്ങളിലുള്ള ഉരുളക്കിഴങ്ങിന്‍റെ ചിത്രവും ഇവർ വരച്ച് ചേർത്തു. ഇലകൾ വാങ്ങുന്പോൾ ശ്രദ്ധിക്കണമെന്ന് പറയുന്നുണ്ട്. ദ്വാരമുള്ള ഇലകൾ ഇവിടെ സ്വീകരിക്കില്ലന്നും അവർ എഴുതിച്ചേർത്തു. വെണ്ടയ്ക്ക, മല്ലിയില,തക്കാളി, ഉള്ളി അങ്ങനെ വീട്ടിലേക്ക് വാങ്ങേണ്ട എല്ലാ പച്ചക്കറികളുടേയും ലിസ്റ്റും അവയുടെ പടങ്ങളും വരച്ച് ചേർത്ത ഭാര്യയുടെ മനസിനെ ആരും കാണാതെ പോകരുത്.
എന്തായാലും ഭാര്യയുടെ കുറിപ്പ് പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ചിരി പടർത്താൻ അദ്ദേഹത്തിനു സാധിച്ചു. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. എന്തായാലും ഇതൊന്നു പരീക്ഷിച്ച് നോക്കാമെന്നാണ് പലരും കുറിക്കുന്നത്.