Sports

ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചു ; തൊട്ടുപിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് പാണ്ഡ്യ

ഇന്ത്യയുടെ ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്പാണ്ഡ്യയുടെ ബോംബ്. ഹാര്‍ദിക് പാണ്ഡ്യയും നടി നതാസ സ്റ്റാന്‍കോവിച്ചും വിവാഹമോചനം നേടുകയാണെന്ന് താരം സാമൂഹ്യമാധ്യമ പേജിലൂടെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്കും വിനോദ വാര്‍ത്ത പിന്തുടരുന്നവര്‍ക്കും ഒരുപോലെ ആഘാതമാണ് വാര്‍ത്ത.

നാല് വര്‍ഷത്തെ ഒരുമിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രസ്താവിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചു. ഹാര്‍ദിക് പാണ്ഡ്യയും നതാസ സ്റ്റാന്‍കോവിച്ചും 2020 ലായിരുന്നു വിവാഹിതരായത്. അതേ വര്‍ഷം തന്നെ അവരുടെ മകനെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നതാസ മകനുമായി മൂംബൈയില്‍ നിന്നും സെര്‍ബിയയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് പാണ്ഡ്യ വിവാഹമോചനം സ്ഥിരീകരിച്ച് പ്രസ്താവന പോസ്റ്റ് ചെയ്തത്. ” നാലുവര്‍ഷത്തെ ഒരുമിക്കലിന് ശേഷം നടാസയും ഞാനും ഉഭയസമ്മതത്തോടെ വേര്‍പിരിയുകയാണ്. ഒരുമിച്ചു മുമ്പോട്ട് പോകാന്‍ കഴിയുന്നതെല്ലാം നല്‍കി. എന്നാല്‍ രണ്ടുപേര്‍ക്കും പിരിയുന്നതാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കുകയാണ്. കുടുംബമായി വളരുമ്പോള്‍ പരസ്പര ബഹുമാനം, പരസ്പരം നല്‍കുന്ന സന്തോഷം, സൗഹാര്‍ദ്ദം എല്ലാം സൃഷ്ടിക്കപ്പെടുമ്പോള്‍ ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം മകന്‍ അഗസ്ത്യയാണ്. അവന്റെ സന്തോഷം ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം മാതാപിതാക്കള്‍ എന്ന നിലയില്‍ ചെയ്യും. ഈ ദുരിതസാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു.” താരം പോസ്റ്റില്‍ കുറിച്ചു.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. തന്റെ അന്താരാഷ്ട്ര കരിയറില്‍ 7 തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചത്, അതേസമയം ഹാര്‍ദിക് പാണ്ഡ്യ ടി20യില്‍ 10 വിജയങ്ങള്‍ നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ അടുത്ത ട്വന്റി20 ക്യാപ്റ്റനായി തിരഞ്ഞെടുത്തു. 2024 ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആയിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി, ശുഭ്മാന്‍ ഗില്ലിനെ സൂര്യയുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.