Sports

ഗില്ലോ ഋതുരാജ് ഗെയ്ക്ക് വാദോ? ടി20 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ആരെയെടുക്കും ?

ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ ടി20 പരമ്പരയില്‍ 4-1 വീഴ്ത്തിയാണ് ഇന്ത്യ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ പറഞ്ഞുവിട്ടത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ആറ് റണ്‍സിന് ഇന്ത്യ അവരെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് മത്സരവും ശക്തമായി. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന ഗില്ലാണോ ഓസ്‌ട്രേലിയയ്ക്ക് എതിരേ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദോ എന്നാണ് അറിയേണ്ടത്.

ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, ശ്രേയസ് അയ്യരുടെ 53 റണ്‍സിലും ജിതേഷ് ശര്‍മ്മയുടെയും അക്‌സര്‍ പട്ടേലിന്റെയും നിര്‍ണായക റണ്‍സില്‍ ഇന്ത്യ 160/8 എന്ന സ്‌കോറിലേക്ക് നീങ്ങി. മറുപടി ബാറ്റിങ്ങില്‍ ബെന്‍ മക്ഡെര്‍മോട്ട് 54 റണ്‍സുമായി ഓസീസിന്റെ ടോപ് സ്‌കോറര്‍, എന്നാല്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് സിംഗ് 10 റണ്‍സ് ഡിഫന്‍ഡ് ചെയ്ത് തന്റെ ടീമിനെ 4-1 ന് വിജയത്തിലെത്തിച്ചു. പരമ്പരയ്ക്കുശേഷം, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും 2024 ലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള മെന്‍ ഇന്‍ ബ്ലൂവിന്റെ സാധ്യതാ ടീമിനെക്കുറിച്ച് വലിയ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനായി ഋതുരാജ് ഗെയ്ക്വാദും ശുഭ്മാന്‍ ഗില്ലും തമ്മില്‍ ശക്തമായ മത്സരം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. അഞ്ച് ടി20കളില്‍ 55.75 ശരാശരിയില്‍ 223 റണ്‍സായിരുന്നു ഗെയ്ക്ക്‌വാദ് നേടിയത്. ഇതില്‍ 123* റണ്‍സിന്റെ ഒരു സെഞ്ച്വറി കൂടി നേടി. രണ്ടുപേരും ഒരുപോലെ മികച്ച പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമുണ്ടാകാന്‍ പോകുന്നു.

‘ലോകകപ്പ് വരുമ്പോള്‍ ടീമിന്റെ ഭാഗമാകാന്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് തുടരുക എന്നതും സ്ഥിരതയുമായിരിക്കും പ്രധാന പരിഗണനാവിഷയമായി മാറുക. രണ്ടുപേരും ടി20 ക്രിക്കറ്റില്‍ ചെയ്യുന്നത് സമാനമായ കാര്യങ്ങള്‍ ആയതിനാല്‍ ഒരാള്‍ക്കേ ടീമിലേക്ക് പരിണഗന കിട്ടാന്‍ സാധ്യതയുള്ളൂ. ലോകകപ്പിന് തൊട്ടു മുമ്പും പിമ്പും ഗില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 44.25 ശരാശരിയില്‍ നാല് അര്‍ധസെഞ്ചുറികളോടെ 354 റണ്‍സ് നേടിയത്. ടി20 സെറ്റപ്പില്‍ ടോപ്പ് ഓര്‍ഡറില്‍ ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും.