അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്.
ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ ആലോചിക്കൂ എന്നും അതുവരെ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മെസ്സി പറഞ്ഞു. നിലവില്‍ താന്‍ നന്നായി കളിക്കുന്നുണ്ട്. കളി മോശമാകുന്ന കാലത്ത് പരിപാടി അവസാനിപ്പിക്കും എന്നും മെസ്സി പറഞ്ഞു. നിലവില്‍ 36 കാരനായ മെസ്സി അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലാണ് കളിക്കുന്നത്. അവിടെ ഇന്റര്‍മിയാമിയെ കഴിഞ്ഞ സീസണില്‍ ആദ്യ കിരീടത്തിലേക്ക് നയിച്ച അര്‍ജന്റീന നായകന്‍ ഈ വര്‍ഷത്തെ കോപ്പാ അമേരിക്കയിലും ടീമിനെ നയിക്കാനെത്തും. സ്‌പെയിനില്‍ ബാഴ്‌സിലോണയിലും ഫ്രാന്‍സില്‍ പിഎസ്ജിയിലും കളിച്ച മെസ്സി അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കൂടുമാറ്റത്തിന് പിന്നിലെ മറ്റൊരു കാരണം അടുത്ത ലോകകപ്പിന് അമേരിക്ക വേദിയായി മാറുമെന്നത് കൂടിയാണെന്ന് വിലയിരുത്തലുണ്ട്.
” ഞാന്‍ നന്നായി കളിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്ന നിമിഷം, കളി ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നാകുമ്പോള്‍, മറ്റ് ടീമംഗങ്ങളെ കളത്തില്‍ സഹായിക്കാന്‍ കഴിയുന്നില്ല എന്നെല്ലാം തനിക്ക് അറിയാനാകും. ഞാന്‍ ഒരു സ്വയം വിമര്‍ശകനാണ്. എപ്പോഴാണ് ഞാന്‍ നന്നായി കളിക്കുന്നതെന്നും മോശമാകുന്നതെന്നും എനിക്കറിയാം. ആ സമയം തിരിച്ചറിയുമ്പോള്‍ തന്നെ ആ ചുവട്‌വെയ്പ്പ് നടത്തും. അതിന് രണ്ടാമതൊന്ന് ആലോചിക്കുക കൂടി വേണ്ട. നന്നായി തോന്നുന്നെങ്കില്‍ കളി തുടരും. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും നന്നായി അറിയാവുന്നതും ഇത് മാത്രമാണ്.” താരം പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഇന്റര്‍മയാമിയില്‍ കോസ്റ്റാറിക്കയ്ക്ക് എതിരേ നടന്ന സൗഹൃദ മത്സരത്തില്‍ മെസ്സി കളിച്ചിരുന്നു.