റോം: മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും പോണ്‍ സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ നേരിടുന്ന വലിയ തലവേദനകളിലൊന്നാണ്. ഈ ആക്രമണത്തില്‍ നിന്ന് പ്രധാനമന്ത്രി ആയാല്‍ പോലും രക്ഷയില്ല. പ്രമുഖ വനിതാ രാഷ്ട്രീയ നേതാക്കളുടേയും മറ്റ് സ്ത്രീകളുടേയും ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറ്റലിയില്‍.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ പോലും ആള്‍ക്കാര്‍ വെറുതേ വിട്ടില്ല. ജോര്‍ജിയയ്ക്ക് പുറമേ സഹോദരി അരിയന്നയുടെയും ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ വ്യക്തിപരമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നോ, അല്ലെങ്കില്‍ പൊതു ഇടങ്ങളില്‍ നിന്നോ ശേഖരിച്ച് മോര്‍ഫ് ചെയ്ത ശേഷം ഇറ്റാലിയന്‍ വെബ്‌സൈറ്റായ ‘ഫിക്ക’ യില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ തലക്കെട്ടുകളും നല്‍കിയിരുന്നു.
700,000-ല്‍ അധികം ആളുകളാണ് ഈ വെബ്സൈറ്റ് സബ്സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള വനിതാ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ റാലികളില്‍ നിന്നും, ടിവി അഭിമുഖങ്ങളില്‍ നിന്നും, അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ ബിക്കിനി ധരിച്ച സമയത്ത് എടുത്തവ എന്നിവയില്‍ ശരീരഭാഗങ്ങള്‍ സൂം ചെയ്യുകയോ ലൈംഗിക ചുവയുള്ള പോസുകള്‍ നല്‍കുകയോ ചെയ്ത് ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയായിരുന്നു. വെബ്സൈറ്റിന്റെ ‘വിഐപി സെക്ഷനില്‍’ ആണ് ഈ ചിത്രങ്ങള്‍ കണ്ടെത്തിയത്.
ഭാര്യമാരുടെയും അജ്ഞാതരായ സ്ത്രീകളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുരുഷന്മാര്‍ പരസ്പരം കൈമാറിയിരുന്ന ‘മിയ മോഗ്ലി’ എന്ന ഇറ്റാലിയന്‍ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ ഒരാഴ്ച മുന്‍പ് അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഈ സംഭവം. ‘യോനി’ എന്ന അര്‍ത്ഥം വരുന്ന ഒരു ഇറ്റാലിയന്‍ സ്ലാങ് വാക്കിന്റെ അക്ഷരത്തെറ്റോടു കൂടിയുള്ള ഒരു പ്രയോഗമാണ് ‘ഫിക്ക’. 2005ല്‍ ഇറ്റലിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വെബ്സൈറ്റ് യാതൊരു തടസ്സവുമില്ലാതെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നിരവധി രാഷ്ട്രീയക്കാര്‍ നിയമപരമായ പരാതി നല്‍കിയതോടെയാണ് പോലീസിന്റെ അന്വേഷണം ആരംഭിച്ചത്.
ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള ഇറ്റാലിയന്‍ ബോക്‌സ് ഓഫീസ് ഹിറ്റായ ‘സി ഇ അന്‍കോറ ഡൊമാനി’ എന്ന സിനിമയുടെ സംവിധായികയും നടിയുമായ പൗള കോര്‍ട്ടെല്ലെസി, ഇന്‍ഫ്‌ലുവന്‍സര്‍മാരിലൊരാളായ കിയാര ഫെരാഗ്‌നി എന്നിവരുടേയും ചിത്രങ്ങള്‍ വെബ്സൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ സമ്മതമില്ലാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് കണ്ടതിന് ശേഷം താന്‍ ‘അസ്വസ്ഥയും, ദേഷ്യവും, നിരാശയും’ ഉള്ളവളാണെന്നും, ‘നിശ്ശബ്ദയായിരിക്കാന്‍ കഴിയില്ലെ’ന്നും പറഞ്ഞ് ഔദ്യോഗികമായി പരാതി നല്‍കിയ ആദ്യ വ്യക്തികളില്‍ ഒരാളാണ് പിഡി രാഷ്ട്രീയക്കാരിയായ വലേറിയ കാമ്പാന.
‘ബിക്കിനിയിട്ടുള്ള ചിത്രങ്ങള്‍ മാത്രമല്ല, എന്റെ പൊതു-സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളും ഇതിലുണ്ട്.’ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനു താഴെയായി ‘സ്ത്രീവിരുദ്ധവും അശ്ലീലവും അക്രമാസക്തവുമായ കമന്റുകള്‍’ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് നിശബ്ദയായിരിക്കാന്‍ കഴിയില്ല, കാരണം ഈ കഥ എന്റേത് മാത്രമല്ല. ഇത് നമ്മളുടെ എല്ലാവരുടേതുമാണ്. ഇത് സ്വതന്ത്രരാവാനും, ബഹുമാനിക്കപ്പെടാനും, ഭയമില്ലാതെ ജീവിക്കാനുമുള്ള നമ്മുടെ അവകാശത്തെക്കുറിച്ചുള്ളതാണ്,’ എന്നും അവര്‍ കുറിച്ചു.




