Featured Oddly News

അന്ന് ആര്‍എഎസ് പരീക്ഷ വിജയിച്ച് വിസ്മയിപ്പിച്ച തൂപ്പുകാരി ; ഇന്ന് തൂപ്പ് ജോലിക്ക് ഒന്നരലക്ഷം കൈക്കൂലിക്ക് പിടിയില്‍

ഒരു കാലത്ത് രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷ പാസായതിന്റെ പേരില്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായി പ്രശസ്തി നേടിയ തൂപ്പുകാരി ആശാ കന്ദാര കൈക്കൂലി കേസില്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ പിടികൂടി. ഇപ്പോള്‍ ഹെറിറ്റേജ് നഗര്‍ നിഗം ജയ്പൂരില്‍ എസ്ഡിഎം ആയി ജോലി ചെയ്യുന്ന അവര്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

സ്വീപ്പര്‍ നിയമനത്തിന് പകരമായി കന്ദാര കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ എത്തിയ എസിബി ജൈതരണിയില്‍ വെച്ച് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പൊക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കന്ദാര ജയ്പൂരില്‍ നിന്ന് പാലിയിലേക്ക് പോകുകയും മകന്‍ ജൈതരണിലേക്ക് പണം കടത്തുകയും ചെയ്തതായി എസിബി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

യോഗേന്ദ്ര ചൗധരി എന്ന ബ്രോക്കറും കന്ദാരയോടൊപ്പം ഉണ്ടായിരുന്നു. ജൈതരണിലെ ശീതള്‍ ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. വിവരമറിഞ്ഞ് എസിബി ഇന്‍സ്പെക്ടര്‍ കാഞ്ചന്‍ ഭാട്ടി പണം വാങ്ങുന്നതിനിടയില്‍ ഹോട്ടലില്‍ വച്ച് കന്ദാരയെ പിടികൂടി. ജോലി നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടത് 3.5 ലക്ഷം രൂപയാണ്. നേരത്തേ ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയെഴുതുകയും ജോലി വാങ്ങുകയും ചെയ്ത കന്ദാര വലിയ വാര്‍ത്തയായിരുന്നു.

വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 40 കാരി ആശ 2018-ല്‍ ആയിരുന്നു ആര്‍എഎസ് പരീക്ഷ എഴുതിയെടുത്തത്. 2021-ല്‍ കോവിഡ്-19 പാന്‍ഡെമിക്കിന് ഇടയില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആശയുടെ വിജയം വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. 11 വര്‍ഷം മുന്‍പാണ് ആശയെയും രണ്ട് മക്കളെയും ഭര്‍ത്താവ് ഉപേക്ഷിച്ചത്. അപ്പോഴാണ് കുടുംബം പോറ്റാന്‍ ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി അവര്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാപിതാക്കളുടെ സഹായത്താലും പിന്തുണയോടെയും അവള്‍ പഠനം തുടരാന്‍ തീരുമാനിക്കുകയും ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.

ബിരുദപഠനത്തിന് ശേഷമാണ് 2018ല്‍ രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് വേണ്ടി ഹാജരായത്. ആശയുടെ പിതാവ് രാജേന്ദ്ര കന്ദാര പിന്നോക്ക പശ്ചാത്തലമുണ്ടായിട്ടും പഠിച്ച് ജോലിനേടി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അക്കൗണ്ടന്റായി വിരമിച്ചയാളാണ്.