Featured Lifestyle

‘ആനകളുടെ മകൾ’ എന്ന പാര്‍ബതി ബറുവ; ഇന്ത്യയുടെ പ്രഥമ വനിതാ പാപ്പാനായ രാജകുമാരി, പത്മശ്രീ ബഹുമതി നേടി

”ആനകളുടെ മകള്‍” എന്ന് വിളിക്കപ്പെടുന്ന ആസ്സാംകാരി പാര്‍ബതി ബറുവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവരെ ഇങ്ങിനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യത്തെ ‘വനിതാ പാപ്പാ’നാണ് പാര്‍ബതി ബറുവ. ആനകളെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 50 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളയാളാണ് പാര്‍ബതി ബറുവ. ചരിത്രപരമായി പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിലെ ലിംഗപരമായ വിവേചനത്തിന് അവള്‍ ഒരു മാറ്റമുണ്ടാക്കി.

ധീരതയുടെ ഒരു കഥ മാത്രമല്ല പാര്‍ബതിയുടെ ജീവിതം, മറിച്ച് ആനകളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബഹുമാനത്തിന്റെയും തദ്ദേശീയമായ അറിവിന്റെയും ഒരു ഉദാഹരണം കൂടിയാണിത്. 1953 മാര്‍ച്ച് 14-ന് അസമിലെ ഗൗരിപൂരിലെ രാജകുടുംബത്തിലാണ് പാര്‍ബതി ജനിച്ചത്. ഗൗരിപൂരി ലെ അവസാന ഭരണാധികാരിയും വേട്ടക്കാരനും ആനകളെക്കുറിച്ച് അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്ന പ്രകൃതിഷ് ചന്ദ്ര ബറുവയുടെ മകളായിരുന്നു അവര്‍. പിതാവിന്റെ കൊട്ടാരത്തില്‍ ഏകദേശം 40 ആനകളുണ്ടായിരുന്നു. ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത് അക്കാദമിക് അല്ലെങ്കില്‍ പൊതുജീവിതത്തിലേക്കുള്ള വഴി തുറക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും, അവളുടെ വിധി മറ്റൊന്നായിരുന്നു.

കേവലം 14-ാം വയസ്സില്‍ അസമിലെ കൊച്ചുകാവോണ്‍ വനത്തില്‍ വെച്ച് പാര്‍ബതി തന്റെ ആദ്യത്തെ ആനയെ മെരുക്കി. 1975 മുതല്‍ 1978 വരെ, മെലാ ഷികാര്‍ എന്ന പരമ്പരാഗത അസമീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 14 കാട്ടാനകളെ അവള്‍ വിജയകരമായി മെരുക്കി. മയക്കുവെടി വെക്കുന്നതിന് പകരം കുരുക്ക് ഉപയോഗിച്ച് ആനകളെ പിടികൂടുന്ന രീതിയാണിത്. തന്റെ കരിയറില്‍ ഉടനീളം, 500-ലധികം ആനകള്‍ക്ക് അവള്‍ പരിശീലനം നല്‍കിയിട്ടുണ്ട്. 2001-ല്‍ ബാങ്കോക്കില്‍ നടന്ന ആഗോള കോണ്‍ഫറന്‍സുകള്‍, തമിഴ്നാട്, ജല്‍ദപാറ, നോര്‍ത്ത് ബംഗാള്‍ എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയില്‍ ആനകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഏഷ്യന്‍ ആനകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ഏഷ്യന്‍ എലിഫന്റ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗമായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2024-ല്‍ ആനകളുടെ ക്ഷേമത്തിനും ഇന്ത്യയുടെ സംരക്ഷണ ചരിത്രത്തില്‍ നല്‍കിയ സംഭാവനകള്‍ക്കും പാര്‍ബതിക്ക് പത്മശ്രീ നല്‍കി ആദരിച്ചു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ നിന്നുള്ള ഗ്ലോബല്‍ 500 റോള്‍ ഓഫ് ഓണര്‍ (1989). അസം സര്‍ക്കാര്‍ നല്‍കിയ ഓണററി ചീഫ് എലിഫന്റ് വാര്‍ഡന്‍ ഓഫ് അസം (2003). അസമിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ അസം ഗൗരവ് പുരസ്‌കാരം (2023). നേച്ചേഴ്‌സ് വാരിയര്‍ ജൂറി അവാര്‍ഡ് (2023) ഉള്‍പ്പെടെയുള്ള വന്യജീവി-സംരക്ഷണ ഗ്രൂപ്പുകളില്‍ നിന്നുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് ഇവരെ തേടി വന്നിട്ടുള്ളത്.