സെലിബ്രിറ്റികള്‍ അവരുടെ ലുക്ക് വളരെ വ്യത്യസ്തമാക്കാന്‍ ശ്രദ്ധ കൊടുക്കുന്നവരായിരിയ്ക്കും. ദക്ഷിണേന്ത്യയിലായാലും ബോളിവുഡിലായാലും മിക്കവാറും എല്ലാ താരങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഉണ്ടാകും. ഏറ്റവും ട്രെന്‍ഡിയും വൈറലുമായ ചില ലുക്കുകള്‍ക്ക് പിന്നില്‍ ഒരു മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കൈ ഉണ്ടാകും. ഫാഷന്‍, സ്റ്റൈല്‍, മുടി, മേക്കപ്പ് ഇവയെല്ലാം ഒരു നടന്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്. വിശ്വസ്തനായ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രെസ്സറോ താരങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കും.
ഏകദേശം, രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായ ഒരു പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റ് ഉണ്ട്. ആലിം ഹക്കിം എന്നാണ് സെലിബ്രിറ്റികളുടെ പ്രിയങ്കരനായ ഈ ഹെയര്‍സ്റ്റെലിസ്റ്റിന്റെ പേര്. ഹെയര്‍സ്റ്റൈലിംഗ് ചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിയ്ക്കുന്ന കാര്യമല്ല. ട്രെന്‍ഡുകള്‍ എപ്പോഴും മാറിവരും. അതിന് അനുസരിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കണം. ഈ മേഖലയിലേക്ക് തന്റെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് തുടങ്ങിയ ഹക്കിം ഇന്ന് നിരവധി ഔട്ട്ലെറ്റുകളുടെ ഉടമയാണ്. ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, ശശി കപൂര്‍ തുടങ്ങിയവരെ സ്‌റ്റൈല്‍ ചെയ്ത ഒരു ഹെയര്‍സ്‌റ്റൈലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ഹക്കിം കൈരന്‍വി. എന്നാല്‍ തന്റെ 39-ാം വയസ്സില്‍ ഹക്കിം കൈരന്‍വി അന്തരിച്ചു. തുടര്‍ന്ന് എല്ലാ ഉത്തരവാദിത്തങ്ങളും ഒമ്പത് വയസ്സുള്ള ആലിമിന്റെ ചുമലില്‍ എത്തി.
” എന്റെ ജോലിസ്ഥലം എന്റെ വീട് തന്നെയായിരുന്നു. അത് എന്റെ വീടിന്റെ ബാല്‍ക്കണിയിലായിരുന്നു, ഒരു ചെറിയ ഫാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കുറച്ച് കാശ് പിരിച്ചെടുത്ത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് എയര്‍കണ്ടീഷണര്‍ വാങ്ങി, അക്കാലത്ത് സെക്കന്‍ഡ് ഹാന്‍ഡ് എയര്‍കണ്ടീഷണറും 30,000 രൂപയായിരുന്നു. എനിക്ക് മാസം അടയ്‌ക്കേണ്ടിയിരുന്നത് 2000വും 3000 വുമൊക്കെയായിരുന്നു. ആയിരുന്നു. എന്നാല്‍ ഒരിക്കല്‍, ഞാന്‍ ആ EMI-കള്‍ പൂര്‍ത്തിയാക്കി. പിന്നീട് എനിക്ക് ഒരു എയര്‍ കണ്ടീഷന്‍ഡ് ബാര്‍ബര്‍ ഷോപ്പ് തന്നെ ഉണ്ടാക്കാന്‍ സാധിച്ചു ” – ഒരു അഭിമുഖത്തില്‍ ആലിം പറഞ്ഞു.
തന്റെ കഴിവ് അംഗീകരിക്കപ്പെട്ടതോടെ അദ്ദേഹത്തെ ‘ലോറിയല്‍’ സ്‌പോണ്‍സര്‍ ചെയ്യുകയും കുറച്ച് അന്താരാഷ്ട്ര ഹെയര്‍ഡ്രെസ്സര്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആലിം ഇപ്പോള്‍ കൂടുതല്‍ സാങ്കേതിക പരിജ്ഞാനത്തോടെ ഗ്ലാമര്‍ ലോകത്ത് പ്രവര്‍ത്തിക്കുകയാണ്. രജനികാന്ത്, പ്രഭാസ്, അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അജയ് ദേവ്ഗണ്‍, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, ഷാഹിദ് കപൂര്‍ തുടങ്ങി എല്ലാ പ്രമുഖരും ഇന്ന് ഹക്കിമിനെ സമീപിക്കുന്നു. അടുത്തിടെ, രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ മേക്ക് ഓവറുള്ള ഒരു പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരുന്നു.
”എന്റെ ഫീസ് വളരെ ലളിതമാണ്, ഞാന്‍ എത്രമാത്രം ഈടാക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍, തന്റെ ഫീസ് ഒരു ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതാണ് ഏറ്റവും കുറഞ്ഞത്. ‘- ആലിം പറയുന്നു.