Featured The Origin Story

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും

AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി.

AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ അധ്യാപനം, ബിസിനസ് പ്രമോഷന്‍ തുടങ്ങി ഈ സാങ്കേതികവിദ്യ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോൾ, തികച്ചും അസംഭവ്യം എന്നു കരുതിയ ഒരു മേഖലയിലേയ്ക്ക് അഭൂതപൂർവമായ കുതിപ്പ് നടത്താൻ AI ഒരുങ്ങുകയാണ്. അതെ രാഷ്ട്രീയ രംഗത്തേക്കും AI കടന്നുവരുന്നു. ആദ്യമായി ഒരു ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു AI സ്ഥാനാർത്ഥി തയ്യാറെടുക്കുന്നു.

ബ്രിട്ടനിലെ പാർലമെന്റിലേക്കുള്ള ജൂലൈ 4 ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിലാണ് ഈ തകർപ്പൻ സംഭവവികാസം നടക്കുന്നത്. ആഗോള ശ്രദ്ധ ആകർഷിച്ച വരാനിരിക്കുന്ന യുകെ തിരഞ്ഞെടുപ്പില്‍ നാമനിർദ്ദേശം സമർപ്പിക്കുന്ന സ്ഥാനാർത്ഥികളിൽ ‘AI സ്റ്റീവ്’ എന്ന് പേരുള്ള ഒരു AI സ്ഥാനാര്‍ത്ഥിയുമുണ്ട്.

ഒരു AI സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുക എന്ന നൂതന ആശയം മുന്നോട്ടുവച്ചത് വ്യവസായി സ്റ്റീവ് എൻഡാക്കോട്ടിൽ നിന്നാണ്. 59-ാം വയസ്സിൽ, എഐ സ്റ്റീവ് എന്ന പേരിൽ AI- ജനറേറ്റഡ് ഫോട്ടോ സഹിതം ഒരു നോമിനേഷൻ ഫോം സമർപ്പിച്ചാണ് എൻഡകോട്ട് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിച്ചത്. AI സ്റ്റീവ് എന്ന വെർച്വൽ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിൽ എൻഡാക്കോട്ടിനായി നിൽക്കും. വിജയിക്കുകയാണെങ്കിൽ, ഭാവിയിൽ രാഷ്ട്രീയരംത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു മാറ്റമായിരിക്കും ഇത്. അങ്ങനെ സംഭവിച്ചാല്‍ പാർലമെൻ്റ് സീറ്റ് നേടുന്ന ആദ്യത്തെ AI സ്ഥാനാർത്ഥിയായി AI സ്റ്റീവ് മാറും.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് എൻഡാക്കോട്ടിന്റെ സ്മാർട്ടർ യുകെ പാർട്ടിയുടെ ബാനറിന് കീഴിലാണ് ഭാവിയുടെ പാർലമെന്ററി സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്. പുതിയ ഒരു ജനാധിപത്യത്തിന് തുടക്കമിട്ട് ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നിരവധി AI സ്ഥാനാർത്ഥികളെ സജ്ജമാക്കുകയാണ് എൻഡാകോട്ട് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള AI പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നു.

AI സ്റ്റീവ് തിരഞ്ഞെടുപ്പിൽ വിജയിച്ചാലും, വെർച്വൽ സ്ഥാനാർത്ഥിയായതുകൊണ്ട് പാർലമെന്റിൽ ശാരീരികമായി ഒരു സീറ്റ് ലഭിക്കില്ല. പകരം, സ്റ്റീവ് എൻഡകോട്ട് പ്രാഥമിക പ്രതിനിധിയായി പ്രവർത്തിക്കാനാണ് പദ്ധതി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി AI സ്റ്റീവും. ഇതിനർത്ഥം, യഥാർത്ഥ രാഷ്ട്രീയക്കാരനായ എൻഡകോട്ട്, തന്റെ AI സഹായി നൽകുന്ന സ്ഥിതിവിവരക്കണക്കുകളും ഡാറ്റയും വച്ചായിരിക്കും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുക. പാർപ്പിടവും മാലിന്യ സംസ്‌കരണവും മുതൽ കുടിയേറ്റം വരെയുള്ള വിവിധ വിഷയങ്ങളിൽ തത്സമയം ബന്ധപ്പെട്ടവരുമായി ഇടപഴകിക്കൊണ്ടാവും AI സ്റ്റീവിന്റെ പൊതുജനങ്ങൾക്കായുള്ള 24/7 സേവനം. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടുകകയും അവരുടെ സ്വന്തം ആശയങ്ങൾ പങ്കിടുകയും, ആ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. മാത്രമല്ല, പുതുതായുണ്ടായ ഒരു പ്രശ്നം ആണെങ്കിൽ, ആ വിഷയത്തെക്കുറിച്ച് വേഗത്തിൽ ഗവേഷണം ചെയ്യാനും പ്രതികരണങ്ങൾ നൽകാനും AI സ്റ്റീവിന് കഴിയും.

AI സ്റ്റീവുമായുള്ള സ്റ്റീവ് എൻഡാക്കോട്ടിന്റെ പരീക്ഷണം രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. AI-യുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതൽ പ്രതികരണശേഷിയുള്ളതും ജനങ്ങള്‍ക്ക് വേഗത്തില്‍ പ്രാപ്യവുമായ ഒരു ഭരണ മാതൃക സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. വിജയിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ ഈ ആദ്യ ശ്രമം ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രക്രിയകളിൽ നൂതന സാങ്കേതികവിദ്യയുടെ സംയോജനത്തിന് ഒരു മാതൃക സൃഷ്ടിക്കും.