Celebrity

നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടു, ചുംബന രംഗങ്ങള്‍ നിരസിച്ചു; ഇന്ന് ഒരു പടത്തിന് 3 കോടി വാങ്ങുന്ന നടി

നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് ധാരാളം കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്ന പെണ്‍കുട്ടി. പിന്നീട് കാലത്തെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട്, എയര്‍ ഹോസ്റ്റസായി ജോലി ചെയ്തു, ശേഷം സിനിമയില്‍ അഭിനയിക്കാനായി തന്റെ ജോലി ഉപേക്ഷിച്ചു. ബോളിവുഡില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിച്ചവള്‍. ഇന്ന് സോനം ബജ്വ എന്ന ഈ നടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്.

1989 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഒരു പഞ്ചാബി സിഖ് കുടുംബത്തിലാണ് സോനം ബജ്വ ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി. 2012 ല്‍ മുംബൈയിലേക്ക് താമസം മാറിയ ഇവര്‍ അതേ വര്‍ഷം 2013-ല്‍ ജിപ്പി ഗ്രെവാളിനൊപ്പം ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. 2014-ല്‍ ദേശീയ അവാര്‍ഡ് നേടിയ പഞ്ചാബ് 1984 എന്ന ചിത്രത്തില്‍ ദില്‍ജിത് ദോസഞ്ജിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു . കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ദാര്‍ പോലുള്ള നിരവധി ഹിറ്റുകളില്‍ സോനം നായികയായി അഭിനയിച്ചു.

പഞ്ചാബി സിനിമാ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ ഈ നടി ഒരു ചിത്രത്തിന് 3 കോടി രൂപയാണ് ഈടാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇവരുടെ ഏകദേശ ആസ്തി 40 കോടി രൂപയാണ്.

ബോളിവുഡില്‍ ചുംബന രംഗങ്ങള്‍ നിരസിച്ച കാര്യം സോനം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘ബോളിവുഡിലെ ചില കാര്യങ്ങള്‍ക്ക് ഞാന്‍ നോ പറഞ്ഞിരുന്നു. സിനിമയില്‍ ഒരു ചുംബന രംഗം ചെയ്യാന്‍ ഞാന്‍ വളരെ ഭയപ്പെട്ടു കാരണം പഞ്ചാബില്‍ ഇതിനെ അംഗീകരിക്കുമോ? ആളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും, എന്ന് ഞാന്‍ ചിന്തിച്ചു. ഇത് ഒരു സിനിമയ്ക്ക് വേണ്ടിയാണെന്ന് എന്റെ കുടുംബം മനസ്സിലാക്കുമോ? ഈ ചോദ്യങ്ങളെല്ലാം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു”.

ജൂണ്‍ 14 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത റൊമാന്റിക് കോമഡി ‘കുടി ഹരിയാനെ വാല്‍ ഡി’യിലാണ് സോനം ബജ്വ അവസാനമായി അഭിനയിച്ചത്. മാര്‍ച്ച് 7 ന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന നിക്ക സെയില്‍ദാര്‍ 4 ആണ് സോനത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രം.