ബോളിവുഡിലെ ഏറ്റവും വലിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചന്‍. മാത്രമല്ല, അവരെ സിനിമ മേഖലയില്‍ ബ്യൂട്ടീ ക്വീന്‍ എന്നാണ് അറിയപ്പെടുന്നത്. ഐഷിന്റെ അവിശ്വസനീയമായ യാത്രയെ നമ്മള്‍ പ്രശംസിക്കുമ്പോളും അവര്‍ ജീവിതത്തില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മിസ്സ് വേള്‍ഡ് എന്ന സൗന്ദര്യ മത്സരത്തിലൂടെയാണ് ഐശ്വര്യ തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. 1994-ല്‍ ഐശ്വര്യ മിസ്സ് വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് തൊട്ടു പിന്നാലെയാണ് രാജാ ഹിന്ദുസ്ഥാനിയില്‍ ആമിര്‍ ഖാനൊപ്പം നായികയായി അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് അവസരം ലഭിച്ചത്. ഓഫര്‍ അംഗീകരിക്കാന്‍ തയ്യാറായെങ്കിലും ഐഷ് തന്റെ മോഡലിംഗ് ജീവിതത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.
പിന്നീട് 1997-ല്‍ ഐശ്വര്യ തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ സിനിമ കരിയര്‍ ആരംഭിച്ചു. മോഹന്‍ലാല്‍, പ്രകാശ് രാജ്, തബു, രേവതി എന്നിവര്‍ക്കൊപ്പം മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. ആ ചിത്രം വന്‍ വിജയമായി മാറുകയും പ്രേക്ഷകര്‍ ഐശ്വര്യയുടെ അഭിനയത്തേയും സൗന്ദര്യത്തെയും പ്രശംസിക്കുകയും ചെയ്തു. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം വന്‍ വിജയമായിരുന്നെങ്കിലും, ബോളിവുഡ് അരങ്ങേറ്റം അവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നില്ല. ബോബി ഡിയോളിനൊപ്പം ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ആ ചിത്രം വന്‍ പരാജയമായി.
തുടര്‍ന്നുള്ള കുറച്ച് വര്‍ഷങ്ങളില്‍, വാണിജ്യപരമായി വിജയിച്ച നിരവധി തമിഴ് ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. എന്നാല്‍, ബോളിവുഡില്‍ യഥാര്‍ത്ഥ വിജയം നേടിയത് സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ചപ്പോഴാണ്. ആ ചിത്രം വന്‍ വിജയമായിരുന്നു. ഐശ്വര്യയ്ക്ക് എല്ലാ പ്രശസ്തിയും പേരും ഈ ചിത്രം നേടിക്കൊടുത്തു.
ദേവദാസ്, ധൂം 2, ഗുരു, റോബോട്ട്, പൊന്നിയിന്‍ സെല്‍വന്‍ : I (2022), പൊന്നിയിന്‍ സെല്‍വന്‍: II (2023) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഐശ്വര്യ നായികയായി അഭിനയിച്ചതോടെ, ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളായി മാറുകയും ചെയ്തു.
ഐശ്വര്യ റായ് ബച്ചന് ഇന്ന് ഏകദേശം 900 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് ഭര്‍ത്താവ് അഭിഷേക് ബച്ചനേക്കാള്‍ നാലിരട്ടി വരും. ഇന്ത്യയിലും അന്തര്‍ദേശീയമായും ആഡംബര ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലൂടെ പ്രതിദിനം 6-7 കോടി രൂപയാണ് താരം സമ്പാദിക്കുന്നത്. കൂടാതെ, സ്റ്റാര്‍ട്ടപ്പുകളിലും റിയല്‍ എസ്റ്റേറ്റിലുമുള്ള നിക്ഷേപങ്ങള്‍ വേറെയുമുണ്ട്.