Movie News

ആഗ്രഹിച്ചത് ഫൈസ്റ്റാര്‍ ഷെഫ് ആകാന്‍ ; പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍

ചെറുപ്പത്തില്‍ പാചകക്കാരനാകാന്‍ ആഗ്രഹിക്കുകയും പിന്നീട് അഭിനയരംഗത്തേക്ക് എത്തുകയും ചെയ്ത ഒരു നടനുണ്ട്. അഭിനയത്തെക്കാള്‍ പാചകകല ഇഷ്ടപ്പെട്ട ആള്‍ പക്ഷേ ആയിത്തീര്‍ന്നത് സിനിമയിലെ സൂപ്പസ്റ്റാര്‍. വിധിയാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്തേക്കെത്തിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരു സൂപ്പര്‍താരമാണ് ഇന്ന് അദ്ദേഹം .

ഇവിടെ പറയുന്നത് തമിഴ് നടനും സംവിധായകനുമായ ധനുഷിനെക്കുറിച്ചാണ്. അദ്ദേഹത്തിന് ഒരു ഷെഫ് ആകാനായിരുന്നു ആഗ്രഹം. അടുത്തിടെ കോയമ്പത്തൂരില്‍ നടന്ന തന്റെ പുതിയ സിനിമ ‘ഇഡലി കടൈ’യു​ടെ ഒരു ചടങ്ങില്‍ സംസാരിക്കവെ, ധനുഷ് ഇക്കാര്യം പറയുകയുണ്ടായി. ‘എന്തുകൊണ്ടാണ് എനിക്ക് ഷെഫ് റോളുകള്‍ ലഭിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്ക് പാചകക്കാരനാകാന്‍ ആഗ്രഹമുണ്ടായിരുന്നു, ഒരുപക്ഷേ അതുകൊണ്ടായിരിക്കാം എനിക്ക് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം തന്റെ സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: ”ജഗമേ തന്തിരം’ എന്ന സിനിമയില്‍ ഞാന്‍ പറാത്ത ഉണ്ടാക്കി. ‘തിരുച്ചിട്രമ്പലം’ എന്ന സിനിമയില്‍ ഞാന്‍ ഒരു ഡെലിവറി ബോയ് ആയിരുന്നു. ‘റായന്‍’ എന്ന സിനിമയില്‍ എനിക്ക് ഒരു ഫാസ്റ്റ് ഫുഡ് കടയുണ്ടായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ഇഡലി ഉണ്ടാക്കുന്നു. ഞാന്‍ സ്വന്തമായി എഴുതുന്ന തിരക്കഥകളില്‍ പോലും ഷെഫ് കഥാപാത്രങ്ങള്‍ വരുന്നു, മറ്റ് സംവിധായകര്‍ എന്നെ സമീപിക്കുമ്പോഴും അവര്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് എനിക്ക് നല്‍കുന്നത്. ഒരുപക്ഷേ പാചകത്തോടുള്ള എന്റെ ഇഷ്ടം കാരണമായിരിക്കാം ഇതെല്ലാം സംഭവിക്കുന്നത്.’