അമീര്‍ഖാന്‍ നായകനായ ഖയാമത്ത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ തുടങ്ങിയ ഐക്കണിക് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മന്‍സൂര്‍ ഖാന്‍, സിനിമാ വ്യവസായത്തിലെ വിജയത്തിന്റെ പര്യായമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ ബോറടിച്ച അദ്ദേഹം കരിയര്‍ ഉപേക്ഷിച്ച് കൂടുതല്‍ ലളിതമായ ജീവിതശൈലി സ്വീകരിച്ചു ജീവിതം വഴിതിരിച്ചുവിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കുനൂരില്‍ ശാന്തമായ ജീവിതം ആസ്വദിക്കുന്നു.
ഇന്ന്, തമിഴ്നാട്ടിലെ കൂനൂരിലെ ശാന്തമായ മലനിരകളിലാണ് മന്‍സൂര്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഒരു ചീസ് ഫാമും ഫാം-സ്റ്റേയും നടത്തി ജീവിക്കുന്നു. സിനിമാ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുള്ള കുടുംബത്തിലാണ് മന്‍സൂര്‍ ഖാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ്, ഇതിഹാസ ചലച്ചിത്രകാരന്‍ നാസിര്‍ ഹുസൈനും, അദ്ദേഹത്തിന്റെ ബന്ധു ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനും അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു.
സിനിമകളിലൂടെ അദ്ദേഹം നേടിയ വന്‍വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, മന്‍സൂര്‍ വ്യത്യസ്തമായ പാത തെരഞ്ഞെടുത്തു. ചലച്ചിത്രനിര്‍മ്മാണത്തില്‍ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം അത്ര എളുപ്പമായിരുന്നില്ല, എന്നാല്‍ നഗരജീവിതത്തില്‍ നിന്ന് മാറി താമസിക്കുന്നതിനുള്ള ദീര്‍ഘകാല ആഗ്രഹത്തിന്റെ ഫലമാണെന്നായിരുന്നു ഈ മാറ്റമെന്നായിരുന്നു ഒരു അഭിമുഖത്തില്‍ മന്‍സൂര്‍ വിശദീകരിച്ചത്.
2005-ല്‍, മന്‍സൂറും ഭാര്യ ടീനയും തമിഴ്‌നാട്ടിലെ കൂനൂരിലേക്ക് ജീവിതം പറിച്ചുനട്ടു. അവിടെ ഭൂമി സ്വന്തമാക്കി കൃഷിയും കന്നുകാലി ഫാമുമായി ലളിതമായ ജീവിതം നയിക്കാന്‍ തുടങ്ങി. നഗരജീവിതത്തില്‍ നിന്നുള്ള പലായനമെന്ന നിലയില്‍ ആരംഭിച്ചത് താമസിയാതെ ഫലഭൂയിഷ്ടമായ ഫാമായി മാറി. അവര്‍ പശുക്കളെ വളര്‍ത്തുകയും ചീസ് ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതാണ് തന്റെ സ്വര്‍ഗ്ഗമെന്നാണ് മന്‍സൂര്‍ പറഞ്ഞത്.
സിനിമയില്‍ നിന്ന് ഏറെക്കുറെ പിന്മാറിയെങ്കിലും ഫാമിലി പ്രൊജക്റ്റുകള്‍ക്കായി ഇടയ്ക്കിടെ മന്‍സൂര്‍ മുംബൈയിലേക്ക് മടങ്ങാറുണ്ട്. അനന്തരവന്‍ ഇമ്രാന്‍ ഖാന്റെ ആദ്യ ചിത്രമായ ജാനേ തു യാ ജാനേ നായില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മകന്‍ ജുനൈദ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ഏക് ദിനില്‍ അദ്ദേഹം പങ്കാളിയാണ്. ഈ സംരംഭങ്ങള്‍ക്കിടയിലും, കൂനൂരിലെ തന്റെ ജീവിതത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന മന്‍സൂര്‍, സിനിമയുടെ തിളക്കത്തിലും ഗ്ലാമറിലും വലിയ താല്‍പര്യം കാണിക്കുന്നില്ല.
ബോളിവുഡിന്റെ ഉയരങ്ങളില്‍ നിന്ന് ഗ്രാമീണ ജീവിതത്തിന്റെ നിശ്ശബ്ദതയിലേക്കുള്ള മന്‍സൂറിന്റെ യാത്ര, വ്യക്തിപരമായ സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തെളിവാണ്.