Lifestyle

മെഡിക്കല്‍ വിദ്യാര്‍ത്ഥി 28 ദിവസത്തിനിടയില്‍ കഴിച്ചത് 720 മുട്ടകള്‍ ! കൊളസ്‌ട്രോളിന് സംഭവിച്ചത് ഇതാ…

ഒരു ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചീത്ത കൊളസ്ട്രോള്‍ തന്റെ ശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുന്നതിനായി 28 ദിവസങ്ങളിലായി മൊത്തം 720 കോഴിമുട്ടകള്‍ കഴിച്ചുകൊണ്ട് കൗതുകകരമായ ഒരു ‘പരീക്ഷണം’ പൂര്‍ത്തിയാക്കി.

എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടകള്‍ കാരണമെന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയെക്കുറിച്ചുള്ള ധാരണ. മെറ്റബോളിക് ഹെല്‍ത്തില്‍ പിഎച്ച്ഡി നേടിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്ക് ഹൊറോവിറ്റ്സാണ്, 28 ദിവസം തുടര്‍ച്ചയായി ഓരോ മണിക്കൂറിലും മുട്ട കഴിക്കുന്നത് തന്റെ ആരോഗ്യത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് കണ്ടെത്താനുള്ള തീവ്രപരീക്ഷണത്തിന് തുടക്കമിട്ടത്. വെല്ലുവിളിയെ അതിജീവിക്കുക മാത്രമല്ല, അസാധാരണമായ ഭക്ഷണക്രമത്തില്‍ അദ്ദേഹം നടത്തിയ പരിശോധനകളുടെ ഫലങ്ങളും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

ഒരു മാസത്തിനുള്ളില്‍ 60 ഡസന്‍ മുട്ടകള്‍ കഴിക്കുന്നത് തമാശയല്ല, എന്നാല്‍ 25 കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്വന്തം ആരോഗ്യത്തെ പരീക്ഷണത്തിനുവച്ച് ഭക്ഷണത്തില്‍ മുട്ടയുടെ യഥാര്‍ത്ഥ ഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു. മുട്ട അടങ്ങിയ ഭക്ഷണക്രമം തന്റെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു, ഇതുസംബന്ധിച്ച വീഡിയോയു പങ്കുവച്ചിട്ടുണ്ട്. നിക്കിന്റെ പരീക്ഷണം ആശ്ചര്യകരമാണെങ്കിലും എന്തും അമിതമായാല്‍ കുഴപ്പമാണെന്ന കാര്യം മറക്കാതിരിക്കുക.