കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍.)ന്റെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ സി.പി.എം. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ മുഹമ്മദ് സലിമിനും മകന്‍ അതിഷ് അസീസിനും ബ്രാഹ്‌മണ കുടുംബപ്പേരില്‍!.
“തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നെയും മുഹമ്മദ് സലിമിനെയും ബ്രാഹ്‌മണനാക്കി” എന്ന് അസീസ് ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു. കൂടാതെ തന്റെ വോട്ടര്‍ വിവരങ്ങളുടെ ഒരു ഫോട്ടോയും പങ്കിട്ടു. ‘അവസ്‌തി’ എന്ന വിഭാഗത്തില്‍ ബംഗാളിയിലാണ് എഴുതിയിരിക്കുന്നത്. അസീസിന്റെ വിവരങ്ങളില്‍ പിതാവ് മുഹമ്മദ് സലിമിനെ ബന്ധുവായി പരാമര്‍ശിക്കുന്നു. സലീമിന്റെ പേരിന് അടുത്തുള്ള കുടുംബ പേരിന്റെ വിഭാഗത്തിലും ‘അവസ്‌തി’ എന്ന് പരാമര്‍ശിക്കുന്നു.
“എന്റെ അച്‌ഛന്‍ പതിറ്റാണ്ടുകളായി ഒരു രാഷ്‌ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്തരമൊരു തെറ്റ് സംഭവിച്ചാല്‍, മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഒരാള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ”- അസീസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിഷനെ കടന്നാക്രമിക്കാന്‍ സലിം ഈ അവസരം ഉപയോഗിച്ചു. “എസ്.ഐ.ആര്‍. പോലുള്ള പ്രാധാന്യമര്‍ഹിക്കുന്ന ഒരു നടപടിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വളരെ ലാഘവത്തോടെ എടുത്തതായിട്ടാണ് ഈ പിഴവ് വ്യക്‌തമാക്കുന്നത്. ഇതിന് മതിയായ തയാറെടുപ്പുകള്‍ ആവശ്യമായിരുന്നു, ജോലി ഏറ്റെടുക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കാത്തതും ഇതിനെ ബാധിച്ചു.” അദ്ദേഹം പറഞ്ഞു.
ചീഫ് ഇലക്‌ടറല്‍ ഓഫീസറും ചീഫ് ഇലക്ഷന്‍ കമ്മിഷണറും എസ്.ഐ.ആറിനെ ഒരു ‘പ്രഹസന ഓഫീസര്‍’ ആക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുത്തലുകള്‍ വരുത്താന്‍ സി.പി.എമ്മിന്റെ ബൂത്ത് ലെവല്‍ ഏജന്റുമായി ബന്ധപ്പെടുമെന്ന് അതിഷ് പറഞ്ഞു. ബംഗാളിലെ ചീഫ് ഇലക്‌ടറല്‍ ഓഫീസറുടെ ഓഫീസിലെ വൃത്തങ്ങള്‍ ഈ തെറ്റ് കുറച്ചുകാണുകയും ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇതുപോലുള്ള തെറ്റുകള്‍ തിരുത്തുമെന്നു അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്‌ചിമ ബംഗാളില്‍ എസ്.ഐ.ആറിനു ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 58 ലക്ഷം പേരുകള്‍ ഇല്ലാതായി, 24 ലക്ഷം വോട്ടര്‍മാരെ മരിച്ചു എന്നും 19 ലക്ഷം പേരെ സ്‌ഥിരമായി മാറ്റി എന്നും 12 ലക്ഷം പേരെ കാണാതായി എന്നും ഇതില്‍ വ്യക്‌തമാക്കുന്നു.




