Crime

ശബരിമലയിൽ വൻ കൊള്ള, സ്വര്‍ണപ്പാളി മാറ്റി? 20വര്‍ഷത്തെ ക്ഷേത്രഭരണത്തില്‍ അന്വേഷണം, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; VSSC റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി അടിമുടി മാറിയെന്ന് സംശയിച്ച് ഹൈക്കോടതി. വിഎസ്എസ്‌സി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 1998ലെ പാളികളും 2019ലെ പ്ലേറ്റിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. പാളിയില്‍ നിക്കലിന്‍റേയും അക്രലിക് പോളിമറിന്‍റേയും സാന്നിധ്യം കണ്ടെത്തി. 

ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട്‌ ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണമെന്നും കോടതി നിർദേശിച്ചു.

20 കൊല്ലത്തിലധികം കാലത്തെ ക്ഷേത്രഭരണത്തില്‍ അന്വേഷണം നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട കേസല്ലെന്നു കോടതി പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്‍റെ കാലത്തെ സ്വര്‍ണം പൂശലിലും സംശയം ഉന്നയിച്ച് ഹൈക്കോടതി, അത് കേന്ദ്രീകരിച്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. അതാതയത് . കൂടുതല്‍ അറസ്റ്റിന് സാധ്യത കാണുന്നു.

ശബരിമലയില്‍ വീണ്ടും പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. വിശദപരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിലെത്തും. സ്റ്റോര്‍ റൂമിലുള്ള കട്ടിളപ്പാളിയും പ്രഭാമണ്ഡലവും പരിശോധിക്കും. യുഡിഎഫിന്റെ കാലത്തെ ദേവസ്വം ബോര്‍ഡിനും ക്ലീന്‍ചിറ്റില്ല. 2017ല്‍ കൊടിമരം മാറ്റിയതിലും ക്രമക്കേടെന്ന് കോടതി സംശയിക്കുന്നു. അഷ്ടദിക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം വേണം. എല്ലാ ഫയലുകളും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയ വാജിവാഹനം പഞ്ചലോഹമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. വാജിവാഹനത്തിന്‍റെ ഭാരം 10.68 കിലോഗ്രാമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

ശബരിമല സ്വർണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ചു. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് വാസുവിന്റെ റിമാൻഡ് നീട്ടിയ കൊല്ലം വിജിലൻസ് കോടതി ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.

എസ്.ഐ.ടി തലവന്മാരായ എഡിജിപി എച്ച്.വെങ്കിടേഷ്, എസ്.പി എസ്.ശശിധരൻ എന്നിവർ നേരിട്ട് എത്തിയാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി വിഷയത്തിൽ ഇന്ന് ഇടക്കാല ഉത്തരവിറക്കും. അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമർശിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വാക്കാൽ വിമർശിച്ച കോടതി, പ്രതികളെ സംരക്ഷിക്കാനാണോ ഹർജിയെന്നും ചോദിച്ചു. 10 ഇടക്കാല ഉത്തരവുകൾ ഇറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെണ്ണും പ്രതികൾ നിരപരാധികളാണ് എന്നാണോ വാദമെന്നും കോടതി ചോദിച്ചു.