തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ, മാറുന്ന പെൺകുട്ടികളെയും സമൂഹത്തെയും കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് മഞ്ജു വാര്യർ. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം അഭിപ്രായപ്പെട്ടു. ക്യാംപെയ്‌നിന്റെ ബ്രാൻഡ് അംബാസഡറാണ് മഞ്ജു.
‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്’ എന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം എന്ന് പെൺകുട്ടികൾ ഉറച്ചു വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നമ്മുടെ സമൂഹം പോസിറ്റീവ് ആയ രീതിയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും താരം വ്യക്തമാക്കി.
സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം സ്ത്രീകൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും അത്യാവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് മഞ്ജു വാര്യർ ഊന്നിപ്പറഞ്ഞു. സാമ്പത്തികമായി സ്വതന്ത്രരായാൽ മാത്രമേ സ്വന്തം ചിറകുകൾ കണ്ടെത്താനും ആകാശങ്ങളിലേക്ക് പറന്നുയരാനും സ്ത്രീകൾക്ക് സാധിക്കൂ. ഇതിനായി വനിതാ കമ്മീഷന്റെ ‘പറന്നുയരാം’ പോലുള്ള പദ്ധതികൾ വലിയ സഹായമാകുമെന്നും അവർ പറഞ്ഞു.
പ്രസംഗത്തിനിടയിൽ സാധാരണക്കാരായ സ്ത്രീകളുടെ പോരാട്ടവീര്യത്തെക്കുറിച്ചും മഞ്ജു പരാമർശിച്ചു. കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിൾ ലോറി ഓടിക്കുന്ന ജലജ എന്ന ഡ്രൈവർ, കാർ മുതൽ ജെസിബി വരെ ഓടിക്കുന്ന എഴുപതുകാരി രാധാമണിയമ്മ, തട്ടുകട നടത്തി എൽഎൽബിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി എന്നിവരുടെ ഉദാഹരണങ്ങൾ താരം ചൂണ്ടിക്കാട്ടി. അച്ഛന്റെ മരണശേഷം തനിച്ചായപ്പോൾ നൃത്തത്തിലേക്കും സാഹിത്യത്തിലേക്കും മടങ്ങിപ്പോയി സ്വന്തം സന്തോഷം കണ്ടെത്തിയ തന്റെ അമ്മയും തനിക്ക് വലിയൊരു പ്രചേദനം ആണെന്ന് മഞ്ജു വാര്യർ പറഞ്ഞു. തന്റെ ജീവിതത്തിലും ചില ബക്കറ്റ് ലിസ്റ്റുകൾ ഉണ്ടെന്നും ഡ്രൈവിങ്, നീന്തൽ, ബൈക്ക് റൈഡിങ് എന്നിവ അതിൽ ചിലതാണെന്നും മഞ്ജു മനസ്സുതുറന്നു. ഓരോ സ്ത്രീയും സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണമെന്നും സ്വന്തം ആകാശം സ്വയം സൃഷ്ടിക്കാൻ പ്രാപ്തരാകണമെന്നും മഞ്ജു വാര്യർ പറഞ്ഞു.




