തന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വളരെ പ്രയാസകരമായ ഒരു പ്രോജക്റ്റിൽ (Nightmare project) ജോലി ചെയ്യാൻ ബോസ് നിർബന്ധിക്കുന്നതിനെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. റെഡ്ഡിറ്റിലെ (Reddit) ‘r/developersIndia’ എന്ന കമ്മ്യൂണിറ്റിയിലാണ് തന്റെ ജോലിസ്ഥലത്തെ ദുരനുഭവങ്ങൾ ഈ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
വ്യക്തമായ പ്ലാനിംഗോ ദിശാബോധമോ ഇല്ലാതെ ഓഫീസിലെ എല്ലാ കാര്യങ്ങളെയും ‘പ്രയോറിറ്റി’ (Priority) ആയിട്ടാണ് കാണുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത നിരവധി മാനേജർമാരുടെ മൈക്രോ-മാനേജ്‌മെന്റും ഓരോ മണിക്കൂർ കൂടുമ്പോഴുള്ള അപ്‌ഡേറ്റുകളും വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കമ്പനിയുടെ പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം തന്റെ അവസ്ഥ വിവരിച്ചത്.
“ഓഫീസിന് 120 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ജോലി ചെയ്യാവൂ എന്ന നിബന്ധന (Geo-fencing) അടുത്തിടെ അവർ നടപ്പിലാക്കി. എന്റെ ടീം ലീഡർമാർ മാനേജ്‌മെന്റിനെ പ്രീണിപ്പിക്കാൻ നടക്കുന്നവരാണ്, അവർക്ക് ഈ വിഷയത്തിൽ ഒരു കാര്യക്ഷമതയുമില്ല,” അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
രണ്ടുമാസം മുമ്പേ തന്റെ വിവാഹ കാര്യത്തെക്കുറിച്ച് മാനേജർമാരെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് അവഗണിച്ചുകൊണ്ട് വാരാന്ത്യങ്ങളിൽ (Weekend) പോലും ജോലി ചെയ്യാൻ അവർ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. “വിവാഹം ഒരു മെഡിക്കൽ എമർജൻസിയല്ല” എന്നാണ് സീനിയർ പ്രോജക്ട് മാനേജർ ഇതിനോട് പ്രതികരിച്ചത്.
മാർച്ച് മാസത്തിൽ ഈ പ്രോജക്റ്റിൽ നിന്ന് തന്നെ ഒഴിവാക്കാനിരിക്കുകയാണ്. എന്നിട്ടും വിവാഹത്തിന്റെ പേരിൽ അവധി നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ ജീവനക്കാരൻ.
സോഷ്യൽ മീഡിയയുടെ പ്രതികരണം
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേർ പിന്തുണയുമായി എത്തി. “എല്ലാ കാര്യങ്ങളും ഹൈ പ്രയോറിറ്റി ആണെങ്കിൽ, അവിടെ ഒന്നിനും മുൻഗണനയില്ല എന്നാണ് അർത്ഥം,” എന്ന് ഒരാൾ കമന്റ് ചെയ്തു.
“നിങ്ങളുടെ കയ്യിൽ സമ്പാദ്യമുണ്ടെങ്കിൽ കുറച്ചുകാലം ജോലിയില്ലാതെ നിൽക്കാൻ മടിക്കരുത്. നിങ്ങളുടെ വിവാഹത്തേക്കാൾ വലുതല്ല ഈ ജോലി. പിന്നീട് ഇതിനെക്കുറിച്ച് ഓർത്ത് ഖേദിക്കാൻ ഇടവരരുത്,” മറ്റൊരു ഉപയോക്താവ് കുറിച്ചു.
അതേസമയം, തന്റെ നല്ല മാനേജറെക്കുറിച്ച് മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ്: “ജോലി കാര്യങ്ങളിൽ കർക്കശക്കാരനാണെങ്കിലും എന്റെ മാനേജർ നല്ല മനുഷ്യനാണ്. എന്റെ നിശ്ചയമാണെന്ന കാര്യം മറന്നുപോയ അദ്ദേഹം ഒരു സംശയം ചോദിക്കാൻ എന്നെ വിളിച്ചു. എന്നാൽ കാര്യം അറിഞ്ഞ ഉടൻ തന്നെ ക്ഷമ ചോദിക്കുകയും ഫോൺ വെച്ച് ആഘോഷങ്ങൾ ആസ്വദിക്കാൻ പറയുകയും ചെയ്തു.”




