Myth and Reality

മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്

കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്.

1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി കുഴിച്ചപ്പോള്‍ പ്രത്യേകതരം കല്ലുകളും പിന്നെയും പത്തടി കൂടി കുഴിച്ചപ്പോള്‍ കരിയും ചകിരിയും ഇവര്‍ കണ്ടെത്തി.

അവിടെങ്ങും തെങ്ങുകളൊന്നും വളരുന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെ ചകിരി വന്നു? മണിപിറ്റിന്റെ നിഗൂഢതകള്‍ തുടങ്ങുകയായിരുന്നു . പിന്നെയും പത്തടി കൂടി കുഴിച്ചപ്പോള്‍ തടികൊണ്ടുള്ള ചില ഘടനകള്‍ കണ്ടെത്തി. ആ സമയത്ത് അവിടെ വെള്ളപ്പൊക്കം ഉണ്ടായി. അതോടെ തെരച്ചില്‍ നിന്നു. എന്നാല്‍ വലിയ അഭ്യൂഹങ്ങള്‍ ഇത് സംബന്ധിച്ച് ഉയര്‍ന്നു തുടങ്ങി. ഈ കുഴിക്കുള്ളില്‍ ഒരു വലിയ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു അത്.

1804 ല്‍ ഓണ്‍സ്ലോ എന്ന കമ്പനി 90 അടി വരെ ഇവിടെ കുഴിയെടുത്തു . അവര്‍ക്ക് കിട്ടിയത് വിചിത്ര സന്ദേശമുള്ള കല്ലാണ്. താഴെ നിധി ഉണ്ടെന്നായിരുന്നു ആ സന്ദേശമെന്ന് പിന്നീട് പലവരും വാദിച്ചു. 1849 ട്രൂറോ എന്ന കമ്പനി കുറച്ചുകൂടി താഴ്ചയിലേക്ക് കുഴിച്ചു.

തങ്ങള്‍ ഏതോ ഒരു പെട്ടിക്ക് സമീപത്തായി എത്തിയെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ വെള്ളപൊക്കമുണ്ടായതോടെ ആ തിരച്ചിലും അവസാനിപ്പിച്ചു. സ്വര്‍ണമാലയുടെ കഷ്ണവും നാണയങ്ങളും എല്ലുകളുമെല്ലാം ഇവിടെനിന്ന് ലഭിച്ചട്ടുണ്ട്.എന്നാല്‍ നിധിമാത്രം കിട്ടിയിട്ടില്ല. ക്യാപ്റ്റന്‍ കിഡ് എന്ന കടല്‍കൊള്ളക്കാരന്റെ നിധി ഒളിപ്പിച്ചിരിക്കുന്ന സ്ഥലമാണ് മണി പിറ്റ് എന്നും കഥകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *