Crime

മനോരമ വധക്കേസ്: ആദം അലിക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ കോടതിയിൽ നിന്ന് ഇറങ്ങിയോടി

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബംഗാളുകാരന്‍ ഇരുപത്തിമൂന്നുകാരന്‍ ആദം അലിയെ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. കവർച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ ക്രൂരതയ്ക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു.

തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. 2022 ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഇയാൾ എത്തിയത്. കവർച്ചശ്രമത്തിനിടെ മനോരമ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന്, ട്രെയിൻ മാർഗം കേരളംവിട്ട പ്രതിയെ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടുകയായിരുന്നു. കുറ്റകൃത്യം നടന്ന് 63 ദിവസത്തിനുള്ളിലാണ് മെഡിക്കൽ കോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 65 സാക്ഷികളും 30 തൊണ്ടി മുതലും 58 രേഖകളും അടക്കം 300 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗിന കുമാരി ഹാജരായി.

അടുത്ത വീട്ടിൽ പണിക്കെത്തിയിരുന്ന 21കാരനായ ആദം അലി വെള്ളം കുടിക്കാനായി സ്ഥിരമായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. എന്നും കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടെന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇവരുടെ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇതോടെയാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

വീടിനു സമീപത്തെ ഓടയില്‍നിന്നാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കഴുത്തില്‍ കുത്തിയ ശേഷം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി വീട്ടമ്മയെ കൈകാലുകള്‍ കെട്ടി കിണറ്റിലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്.