ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്തെത്തിയ മധ്യപ്രദേശ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മൗഗഞ്ച് ജില്ലയിലെ പിപ്രഹി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ശനിയാഴ്ച രേവ ജില്ലയില്‍ നിന്നുള്ള യുവാവാണ് എത്തിയത്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കയ്യോടെ പിടികൂടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു മരത്തില്‍ കൈകളും കാലുകളും കയര്‍ കൊണ്ട് കെട്ടിയിട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9 മുതല്‍ അടുത്ത ദിവസം രാവിലെ 10 വരെ ഇയാളെ മര്‍ദ്ദിച്ചതായും ആരോപിക്കപ്പെടുന്നു. 13 മണിക്കൂര്‍ നീണ്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്ലിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായിട്ടുമാണ് വിവരം.
”വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബൈകുണ്ഠ്പൂരില്‍ നിന്നുള്ള ഒരു യുവാവ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാന്‍ വന്നതാണ്. ഹനുമാന പോലീസ് സ്റ്റേഷനില്‍ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
എന്നിരുന്നാലും, മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.” സൂപ്രണ്ട് ഓഫ് പോലീസ് ആര്‍.എസ്. പ്രജാപതി പറഞ്ഞു.




