
പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു.
ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന് സ്ഥിരീകരിച്ചത്. ഏകദേശം 10 ഗ്രാം തൂക്കമാണ് ഈ സ്വര്‍ണ്ണത്തിനുണ്ടായിരുന്നത്. ഗ്രാമത്തിന് അടുത്തുള്ള പുഴയോരത്ത് തീറ്റ തേടുന്നതിനിടയില്‍ താറാവ് സ്വര്‍ണ്ണം വിഴുങ്ങിയതാകാം എന്നാണ് ലിയു കരുതുന്നത്. ഈ പ്രദേശം പണ്ട് സ്വര്‍ണ്ണ ഖനനത്തിന് പേരു കേട്ടതായിരുന്നു. പുഴയോരത്തെ മണ്ണിലും ചെളിയിലും തീറ്റ തിരയുന്ന താറാവുകള്‍ അറിയാതെ ഇത്തരം ലോഹഭാഗങ്ങള്‍ വിഴുങ്ങാറുണ്ട്. മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ സ്വര്‍ണ്ണം ദഹിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ ഇത് ദഹനവ്യവസ്ഥയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ചെറിയ അളവിലുള്ള സ്വര്‍ണ്ണം ശരീരത്തിന് വലിയ ദോഷം ചെയ്യില്ലെങ്കിലും, വലിയ കഷ്ണങ്ങള്‍ കുടലില്‍ തടസ്സമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ചൈനീസ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. സ്വര്‍ണ്ണം യഥാര്‍ത്ഥമാണോ എന്ന് പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ വഴി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് നാച്ചുറല്‍ റിസോഴ്സ് ബ്യൂറോ അറിയിച്ചു. ചൈനീസ് നിയമപ്രകാരം ഭൂമിക്കടിയിലുള്ള ഖനിജങ്ങളും പുരാവസ്തുക്കളും രാജ്യത്തിന് അവകാശപ്പെട്ടതാണ്. അതിനാല്‍, താറാവിന്റെ വയറ്റില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന കാര്യത്തില്‍ നിയമപരമായ സങ്കീര്‍ണ്ണതകളുണ്ട്.



