Crime

കിടപ്പിലായ മാതാവിനെ വിട്ടുപോകാനാവില്ല; തീ പിടിച്ച കെട്ടിടത്തില്‍ മാതാവിനൊപ്പം മകനും വെന്തു മരിച്ചു

മുംബൈ: കിടപ്പിലായ മാതാവിനെ വിട്ടുപോകാന്‍ ഇഷ്ടപ്പെടാതെ കൂട്ടിരുന്ന മകനും 80 വയസ്സുള്ള അമ്മയും തീപിടുത്തത്തില്‍ വെന്തു മരിച്ചു. ഗിര്‍ഗാവിലെ ജെതാഭായ് ഗോവിന്ദ്ജി ബില്‍ഡിംഗില്‍ ശനിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ ഗൈവാഡിയിലെ ഒരു കടയിലെ രസതന്ത്രജ്ഞനായ ധീരന്‍ നളിങ്കാന്ത് ഷാ എന്ന 60 കാരനും അയാളുടെ 80 വയസ്സുള്ള കിടപ്പിലായ അമ്മയുമാണ് മരിച്ചത്.

മൂന്നാം നിലയിലെ വീട്ടില്‍ താമസിച്ചിരുന്ന ധീരന്‍ തീപിടുത്തമുണ്ടായപ്പോള്‍ മാതാവ് നളിനിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് ബോക്‌സില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്‌നിശമന സേന സംശയിക്കുന്നു. കെട്ടിടത്തില്‍ പഴയ തടി ഉപയോഗിച്ചുള്ള പടികള്‍ അതിന്റെ വ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്തു. തീ പടര്‍ന്നതോടെ ധീരന്റെ കുടുംബത്തിലെ ബാക്കിയുള്ളവര്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം ഉപേക്ഷിച്ചപ്പോള്‍ ധീരന്‍ മാതാവിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എല്ലാവരേയും മാറ്റിയിരുന്നു. എന്നാല്‍ അമ്മയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന ധീരന്‍ തീയ്ക്ക് അകത്തായി പോവുകയായിരുന്നു. കെട്ടിടത്തിന്റെ പ്രവേശനഭാഗം തീപിടിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വീടുകളുടെ ഗ്രില്ലുകള്‍ പൊട്ടിക്കേണ്ടി വന്നതായി താമസക്കാരിയായ സലോമി ഷാ പറഞ്ഞു. ”ജനാലകളില്‍ നിന്ന് മാത്രമേ പുറത്തുകടക്കാന്‍ കഴിയൂ,” ഷാ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 3.35 ഓടെയാണ് തീ അണച്ചത്.