ഉപ്പിന്റെ ദോഷകരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വായിച്ചതിന് ശേഷം, തന്റെ ഭക്ഷണത്തിൽ നിന്ന് ഉപ്പ് എങ്ങനെ ഒഴിവാക്കാമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചതിനെ തുടർന്ന് ഒരു 60-കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമിത ബുദ്ധിയുള്ള (AI) ഈ ചാറ്റ്ബോട്ടുമായി സംസാരിച്ച ശേഷം, ഇയാൾ തന്റെ ഭക്ഷണത്തിൽ മാറ്റം വരുത്തുകയും, ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിക്കുകയും ചെയ്തു. സോഡിയം ബ്രോമൈഡ് 1900-കളുടെ തുടക്കത്തിൽ മരുന്നുകളിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു പദാർത്ഥമാണ്. പക്ഷേ വലിയ അളവിൽ ഉപയോഗിച്ചാൽ ഇത് വിഷാംശമുണ്ടാക്കുന്നതാണ്.
അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണൽസിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ട് അനുസരിച്ച്, AI-യിൽ നിന്ന് ഉപദേശം തേടിയ ശേഷം ഇന്റർനെറ്റിൽ നിന്ന് ലഭിച്ച സോഡിയം ബ്രോമൈഡ് മൂന്ന് മാസമായി ഈ രോഗി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ അവിടെവെച്ച് അയൽക്കാരനാണ് തന്നെ വിഷം തന്നതെന്ന് ഇയാൾ ആരോപിച്ചു.
തുടക്കത്തിൽ, രോഗി സപ്ലിമെന്റുകൾ ഉൾപ്പെടെയുള്ള മരുന്നുകളൊന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടിൽ സ്വന്തമായി വെള്ളം ശുദ്ധീകരിച്ച് ഉപയോഗിച്ചിരുന്നതായും ഇയാൾ പറഞ്ഞു. ആശുപത്രിവാസത്തിനിടയിൽ, രോഗിക്ക് ഗുരുതരമായ ന്യൂറോ സൈക്യാട്രിക് ലക്ഷണങ്ങളുണ്ടായി. ഭ്രമം, വ്യാമോഹം, ചർമ്മരോഗങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
“ഇദ്ദേഹത്തിന് ദാഹം കൂടുതലായിരുന്നെങ്കിലും, നൽകിയ വെള്ളത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു,” കേസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഇയാൾക്ക് ഫ്ലൂയിഡുകളും ഇലക്ട്രോലൈറ്റുകളും നൽകി, ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ആശുപത്രിയിലെ ഇൻപേഷ്യന്റ് സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റി.
ചാറ്റ്ജിപിടിയോട് ഭക്ഷണത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് രോഗിക്ക് ബ്രോമിസം എന്ന രോഗം വന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ലോറൈഡ് ബ്രോമൈഡുമായി മാറ്റാൻ കഴിയുമെന്ന് ചാറ്റ്ജിപിടിയിൽ വായിച്ചതിന് ശേഷമാണ് ഇയാൾ സോഡിയം ക്ലോറൈഡിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചത്. ചാറ്റ്ജിപിടിയിൽ ക്ലോറൈഡിന് പകരം ബ്രോമൈഡ് എന്നുള്ളത് ക്ലീനിംഗിന് പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയാകാം പറഞ്ഞിരിക്കുന്നത്, റിപ്പോർട്ട് എടുത്തുപറഞ്ഞു.
പണ്ടുകാലങ്ങളിൽ, ഉറക്കമില്ലായ്മ, ഹിസ്റ്റീരിയ, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകളിലായിരുന്നു ബ്രോമൈഡ് ഉപ്പുകൾ സാധാരണയായി കണ്ടിരുന്നത്. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
ആരോഗ്യപരമായ ഉപദേശങ്ങൾക്ക് AI ഉപയോഗിക്കാമോ?
ചാറ്റ്ജിപിടി പോലുള്ള AI സംവിധാനങ്ങൾക്ക് തെറ്റായ വിവരങ്ങളും നൽകാൻ കഴിയുമെന്ന് കേസ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഓപ്പൺഎഐയുടെ സ്വന്തം ഉപയോഗ നിബന്ധനകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. AI ചാറ്റ്ബോട്ടുകൾ തെറാപ്പിക്കും മാനസികാരോഗ്യത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കുന്നത്. എന്നാൽ ഈ സംഭവം കാണിക്കുന്നത് ശാരീരിക ആരോഗ്യത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് ശരിയായ മാർഗനിർദേശം നൽകാനും നൂറു ശതമാനം ഈ സാങ്കേതികവിദ്യയ്ക്ക് കഴിയില്ല എന്നുള്ളതാണ്.




