Crime

55-കാരൻ വീട്ടിൽ വെട്ടേറ്റുമരിച്ചു; കൊലപ്പെടുത്തിയത് സഹോദരപുത്രന്മാര്‍; സാമ്പത്തിക തർക്കമെന്ന് സൂചന

നെടുങ്കണ്ടം: ഇരട്ടസഹോദരങ്ങള്‍ ചേര്‍ന്ന് പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്തു കൊന്നു. തമിഴ്‌നാട് കോബെ സ്വദേശിയും ഭോജന്‍പാറയില്‍ സ്ഥിരതാമസക്കാരനുമായ മുരുകേശന്‍ (55) ആണ് കൊല്ലപ്പെട്ടത്. പൊന്നാംകാണി – ഭോജന്‍പാറയിലാണു സംഭവം.

മുരുകേശന്റെ അനുജന്‍ അയ്യപ്പന്റെ മക്കളായ ഭുവനേശ്വറും വിഘ്‌നേശ്വറും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവര്‍ നെടുങ്കണ്ടം ഭാഗത്ത് സ്ഥിരതാമസക്കാരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ മുരുകേശന്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം.

ഇയാളുടെ വീടിന് സമീപമാണ് ജ്യേഷ്ഠ സഹോദര പുത്രന്മാര്‍ താമസിക്കുന്നത്. സാമ്പത്തികത്തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.