Lifestyle

200 കിലോ കുറയ്ക്കണം, 27 കാരന്‍ ഭക്ഷണം കഴിക്കാതെയിരുന്നത് 382 ദിവസം…!!

വണ്ണം കുറയ്ക്കാന്‍ നാം എന്തെല്ലാം ചെയ്യും? വ്യായാമം, ഭക്ഷണം കുറയ്ക്കല്‍, ചില പ്രത്യേകതരം ഡയറ്റിംഗ് അങ്ങിനെയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ 382 ദിവസം ഭക്ഷണം ഉപേക്ഷിച്ച അംഗ്നസ് ബാര്‍ബിയേരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ അയര്‍ലണ്ടുകാരന്‍ തന്റെ 200 കിലോ ശരീരഭാരം കുറയ്ക്കാനായി ഖരഭക്ഷണം ഉപേക്ഷിച്ചത് ഒരു വര്‍ഷത്തേക്കായിരുന്നു.

1965 ലായിരുന്നു സംഭവം. ബാര്‍ബിയേരി എന്ന 27 കാരനായിരുന്നു ഈ നിശ്ചയദാര്‍ഡ്യം എടുത്തത്. തടി കൂടിയതിനെ തുടര്‍ന്ന് ബാര്‍ബിയേരി ഡണ്‍ഡീയിലെ മേരിഫീല്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിച്ചു. ദൈര്‍ഘ്യമേറിയ നോമ്പുകളേക്കാള്‍ ചെറിയ ഉപവാസമാണ് അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടക്കത്തില്‍ ഒരു ചെറിയ ഉപവാസം മാത്രമേ ബാര്‍ബിയേരി ആസൂത്രണം ചെയ്തിരുന്നുള്ളൂ.

1965 ജൂണ്‍ 14 മുതല്‍ 1966 ജൂണ്‍ 30 വരെ 382 ദിവസത്തേക്ക് അദ്ദേഹം വിറ്റാമിനുകള്‍, ഇലക്ട്രോലൈറ്റുകള്‍, യീസ്റ്റ്, ചായ, കാപ്പി, സ്പാര്‍ക്ലിംഗ് തുടങ്ങിയ സീറോ കലോറി പാനീയങ്ങളും മാത്രം കഴിച്ചു. ശരീരത്തിന് ആവശ്യമായ ഭാരത്തിലേക്ക് എത്താന്‍ കഠിനമായി ശ്രദ്ധിച്ചു . ഉപവാസസമയത്ത് അടച്ചിട്ടിരുന്ന പിതാവിന്റെ ഫിഷ് ആന്‍ഡ് ചിപ്സ് കടയിലെ ജോലി ഉപേക്ഷിച്ചു. ഉപവാസം പുരോഗമിക്കുമ്പോള്‍ ഭക്ഷണത്തോടുള്ള എല്ലാ ആഗ്രഹവും നഷ്ടപ്പെട്ടു.

ബാര്‍ബിയേരി ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചുവെങ്കിലും 382 ദിവസങ്ങളില്‍ ഭൂരിഭാഗവും വീട്ടില്‍ തന്നെ താമസിച്ചു. രക്തവും മൂത്രവും ഉള്‍പ്പെടെയുള്ള ഔട്ട്‌പേഷ്യന്റ് പരിശോധനകള്‍ക്കായി മാത്രം ആശുപത്രി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രാരംഭ ഭാരം 207 കിലോ ആയിരുന്നു. 1966 ജൂലൈ 1 ന് ബാര്‍ബിയേരി തന്റെ ലക്ഷ്യഭാരമായ 82 കിലോ എത്തിയപ്പോള്‍ ഉപവാസം ഔദ്യോഗികമായി നിര്‍ത്തി.

അടുത്ത പത്ത് ദിവസത്തേക്ക്, ഉപ്പും പിന്നെ പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നല്‍കിയത്. അതു കൂടി ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ ഉപവാസം 392 ദിവസമാണെന്ന് കണക്കാക്കാം. 1966 ജൂലൈ 11-ന് ബാര്‍ബിയേരി തന്റെ ആദ്യത്തെ ഖരഭക്ഷണം കഴിച്ചു: ഒരു പുഴുങ്ങിയ മുട്ടയും വെണ്ണ പുരട്ടിയ റൊട്ടിയും. ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി ഭക്ഷണം കഴിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ‘ഭക്ഷണത്തിന്റെ രുചി പോലും ഞാന്‍ മറന്നു പോയി’ എന്നായിരുന്നു.

അംഗ്നസ് ബാര്‍ബിയേരി ഈ ഉപവാസം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ 1971 പതിപ്പില്‍ രേഖപ്പെടുത്തി. ബാര്‍ബിയേരിയുടെ 382 ദിവസത്തെ ഉപവാസം ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു.