Oddly News

കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത ഫിഷ്‌ഫ്രൈ കഴിച്ച് ബ്രസീലില്‍ യുവാവ് വിഷം തീണ്ടി മരിച്ചു

കൂട്ടുകാരന്‍ സമ്മാനമായി കൊടുത്ത മീന്‍ കഴിച്ച് ബ്രീസീലില്‍ യുവാവിന് വിഷം തീണ്ടി മരിച്ചു. ബ്രസീലില്‍ നടന്ന സംഭവത്തില്‍ സെര്‍ജിയോ ഗോമസ് എന്ന യുവാവാണ് മരണമടഞ്ഞത്. ആഗോളതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ സ്വാദിഷ്ടമായി കരുതുന്ന മാരകമായ പഫര്‍ഫിഷ് കഴിച്ചാണ് ജീവന്‍ നഷ്ടമായത്.

സ്വാദിഷ്ടമാണെങ്കിലും പല വിഷങ്ങളേക്കാളും വീര്യമുള്ള ഒരു വിഷവസ്തുവിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ് ഈ മീന്‍. വൃത്തിയാക്കലും പാചക രീതികളും ശരിയായ നിലയില്‍ അല്ലെങ്കില്‍ കൊടും വിഷം ഉണ്ടാകാന്‍ സാധ്യത കൂടുതലുമാണ്്. മരണപ്പെട്ടയാള്‍ക്ക് പഫര്‍ഫിഷ് വൃത്തിയാക്കുന്നതില്‍ മുന്‍ പരിചയമില്ലാതിരുന്നതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്പിരിറ്റോ സാന്റയിലെ അരാക്രൂസില്‍ വാരാന്ത്യത്തിലായിരുന്നു സംഭവം. മഗ്‌നോ സെര്‍ജിയോ ഗോമസ് എന്ന മനുഷ്യനും അവന്റെ സുഹൃത്തു വേവിച്ച പവര്‍ഫിഷ് മത്സ്യം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുകയായിരുന്നു. കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരുവര്‍ക്കും ഗുരുതരമായ അസുഖം ബാധിക്കുകയും വായില്‍ നിന്നു പത വരികയും ചെയ്തു. സ്ഥിതിഗതികളുടെ കാഠിന്യം മനസ്സിലാക്കിയ സെര്‍ജിയോ സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോയി. പിന്നീട് അയാള്‍ക്ക് ഹൃദയസ്തംഭനം സംഭവിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സെര്‍ജിയോയുടെ മരണകാരണം ടെട്രോഡോടോക്‌സിന്‍ ആയിരുന്നു. പഫര്‍ഫിഷിന്റെയും മറ്റ് സമുദ്രജീവി കളുടെയും കരളിലും ഗൊണാഡുകളിലും കാണപ്പെടുന്ന ശക്തമായ വിഷമാണ് ഇത്. സാധാരണഗതിയില്‍ ഇത് സയനൈഡിനേക്കാള്‍ 1,000 മടങ്ങ് മാരകമാണ്. ഇതിനാണെങ്കില്‍ മറുമരുന്നും ഇല്ല.

ഇന്‍ട്യൂബേഷനും ലൈഫ് സപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും, സെര്‍ജിയോ സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ 35 ദിവസത്തിന് ശേഷം വിഷബാധയേറ്റ് സെര്‍ജിയോ മരണത്തിന് കീഴടങ്ങി. വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തോട് പറഞ്ഞു. വിഷം അതിവേഗം തലച്ചോറിലേക്ക് എത്തുകയും അഡ്മിറ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം, നിരവധി തവണ അപസ്മാരങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

അതേസമയം സെര്‍ജിയോയ്‌ക്കൊപ്പം മീന്‍ കഴിച്ച സുഹൃത്ത് മരണത്തെ അതിജീവിച്ചെങ്കിലും ശരീരത്തിന് ചലനമില്ലാതായി. ‘ദ സയന്‍സ് ടൈംസി’ലെ റിപ്പോര്‍ട്ട് അനുസരിച്ച്, പഫര്‍ഫിഷിന് ലോകമെമ്പാടും 120-ലധികം സ്പീഷീസുകളുണ്ട്, പ്രധാനമായും ഉപ ഉഷ്ണമേഖലാ, ഉഷ്ണമേഖലാ സമുദ്രജലങ്ങളില്‍ വസിക്കുന്നു. ബ്രസീലില്‍ മിക്കവാറും ശക്തമായ വിഷം വഹിക്കുന്ന 20 ഇനം പഫര്‍ഫിഷുകളുണ്ട്. ബ്രസീലിനെ പോലെ ജപ്പാനിലും ഫുഗു എന്ന് വിളിക്കപ്പെടുന്ന ഒരു രുചികരമായ പഫര്‍ഫിഷ് വിഭവം ഉണ്ട്. എന്നാല്‍ ലൈസന്‍സുള്ള പാചകക്കാര്‍ക്ക് മാത്രമേ ഇത് തയ്യാറാക്കാന്‍ അനുവാദമുള്ളൂ.