Uncategorized

പെയ്ഡ്‌ലീവ് കിട്ടാന്‍ മുത്തച്ഛന്‍ മരിച്ചെന്ന് വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ; സിംഗപ്പൂരില്‍ ഇന്ത്യാക്കാരന് വന്‍പിഴ…!

എളുപ്പത്തില്‍ ലീവ് കിട്ടാന്‍ ആള്‍ക്കാര്‍ ‘മരണം’ ഒരു വിഷയമാക്കുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. എന്നാല്‍ സിംഗപ്പൂരില്‍ പെയ്ഡ് ലീവ് കിട്ടാന്‍ ഈ തന്ത്രം ഉപയോഗിച്ച ഇന്ത്യാക്കാരന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. തന്റെ മുത്തച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതിന് കിട്ടിയ പിഴ 4000 ഡോളര്‍ ആയിരുന്നു.

ഈ മാസം ആദ്യമാണ് 29 കാരനായ ബരത് ഗോപാലിന്, വഞ്ചന നടത്താനുള്ള ഉദ്ദേശ്യത്തോടെ ബന്ധുവിന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിഴ കിട്ടിയത്. 2023 നവംബറില്‍, സെക്യൂരിറ്റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍ അനലിസ്റ്റായി ജോലി ചെയ്യുന്നതിനിടയില്‍, തന്റെ അന്നത്തെ കാമുകി തന്നെ വഞ്ചിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തകര്‍ന്നു പോയിരുന്നു.

ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വാര്‍ഷിക അവധി ദിവസങ്ങളില്‍ ഒന്നിന് അപേക്ഷിക്കുന്നതിനുപകരം, ഇയാള്‍ നവംബര്‍ 8 മുതല്‍ നവംബര്‍ 10 വരെ ശമ്പളത്തോടെയുള്ള അവധിക്ക് അപേക്ഷിച്ചു, ഇന്ത്യയിലെ മുത്തച്ഛന്‍ ഉറക്കത്തില്‍ മരിച്ചുവെന്നായിരുന്നു കാരണം കാണിച്ചിരുന്നത്. അയാളുടെ ലീവ് അനുവദിക്കപ്പെട്ടു. പക്ഷേ അവന്റെ സൂപ്പര്‍വൈസര്‍ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ പണി പാളി.

അച്ഛന്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയതിനുശേഷം മാത്രമേ അവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അയയ്ക്കാന്‍ കഴിയൂ എന്നയാള്‍ പറഞ്ഞു. അതിനിടെ, 2023 ജൂലൈയില്‍ മരിച്ച സുഹൃത്തിന്റെ ബന്ധുവിനെ ബന്ധപ്പെട്ടു, ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ജോലിയില്‍ നിന്നുള്ള അവധിക്കാലത്തെ ന്യായീകരിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യമാണെന്ന് ആശ്യപ്പെട്ടു. തുടര്‍ന്ന് തന്റെ ലാപ്ടോപ്പില്‍ മുത്തച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ വ്യാജരേഖയുണ്ടാക്കി, അതിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള ക്യുആര്‍ കോഡുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിഭാഗം സൗകര്യപൂര്‍വ്വം ഒഴിവാക്കി അതിന്റെ കോപ്പി തന്റെ സൂപ്പര്‍വൈസര്‍ക്ക് അയച്ചു.

നിര്‍ഭാഗ്യവശാല്‍, ബാരത്തിന്റെ സൂപ്പര്‍വൈസര്‍ മുഴുവന്‍ പ്രമാണത്തിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ബരത് ഗോപാല്‍ മുഴുവന്‍ രേഖയും അയച്ചുകൊടുത്തതോടെ തന്റെ കള്ളം എളുപ്പത്തില്‍ കണ്ടുപിടിക്കപ്പെടുമെന്നറിഞ്ഞ് ജോലി രാജിവെയ്ക്കുകയല്ലാതെ അയാള്‍ക്ക് വേറെ നിവര്‍ത്തിയില്ലാതായി.

സിംഗപ്പൂരില്‍, വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്, ഒരു കുറ്റവാളിക്ക് 10,000 ഡോളര്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാറാണ് പതിവ്. പക്ഷേ ഗോപാലിന് കുറ്റം 4,000 ഡോളര്‍ പിഴയില്‍ മാത്രം ഒതുങ്ങി. ശമ്പളത്തോടു കൂടിയ അവധി ആയതിനാല്‍ ഗോപാലിന്റെ തൊഴിലുടമയ്ക്ക് 500 ഡോളര്‍ നഷ്ടപ്പെട്ടതായിട്ടാണ് വിലയിരുത്തിയത്.