ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തന്റെ സമ്മതമില്ലാതെ തന്നെ ചുംബിച്ചുവെന്നാരോപിച്ചു യുവാവ് സഹയാത്രികനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഞെട്ടിപ്പോയ ആ മനുഷ്യൻ യുവാവിനോട് പൊട്ടിത്തെറിച്ചു. അപ്പോൾ കിട്ടിയ ഉത്തരമായിരുന്നു അതിലും വിചിത്രം. ‘ചുംബിക്കണമെന്ന് തോന്നി, ചുംബിച്ചു, അത്രതന്നെ’- എന്നായിരുന്നു മറുപടി
വീഡിയോയിൽ തിരക്കുനിറഞ്ഞ കോച്ചിൽ ഇയാൾ തന്നെ ചുംബിച്ച യാത്രക്കാരനോട് ഏറ്റുമുട്ടുന്നതു കാണാം. ഈ സമയം നിരവധി യാത്രക്കാർ ലോബിയിൽ തടിച്ചുകൂടി. സാഹചര്യം വഷളായപ്പോൾ “ അത് വിട്ടു കളയൂ” എന്ന് ചുംബിച്ച യാത്രക്കാരന്റെ ഭാര്യ യുവാവിനോട് അഭ്യർത്ഥിക്കുന്നത് കാണാം.
“ഈ മനുഷ്യൻ ഞാൻ ഉറങ്ങുമ്പോൾ എന്നെ ബലമായി ചുംബിച്ചു. ഇത് എല്ലാവരുടെയും മുന്നിൽവച്ച് സംഭവിച്ചതാണ്, പക്ഷേ ആരും എന്നേ പിന്തുണക്കാൻ വരുന്നില്ല,” യാത്രക്കാരന്റെ ഭാര്യ ആകട്ടെ എന്നോട് ഈ വിഷയം വിടാൻ ആവശ്യപ്പെടുന്നു. പക്ഷെ ഞാൻ ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല” എന്ന് യുവാവ് വീഡിയോയിൽ പറയുന്നത് കേൾക്കാം.
‘ ഇതൊരു സ്ത്രീക്കാണ് സംഭവിച്ചിരുന്നെങ്കിൽ എന്തൊക്കെ പുകിലാകുമായിരുന്നു. അയാളുടെ ഭാര്യക്കാണ് ഇത് സംഭവിച്ചതെങ്കിലോ?’ – യാത്രികൻ ചോദിക്കുന്നു.
മറ്റ് യാത്രക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിൽ യുവാവ് പ്രകോപിതനായി. തുടർന്ന് യുവാവ് യാത്രക്കാരനെ കോളറിൽ പിടിച്ച് വലിച്ച് സീറ്റിൽ നിന്ന് വലിച്ചിറക്കുന്നതാണ് കാണുന്നത്. പലതവണ യാത്രക്കാരന്റെ ഭാര്യ ക്ഷമാപണം നടത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് അവരെ തള്ളിമാറ്റുകയും യാത്രക്കാരനെ പലതവണ അടിക്കുകയും ചെയ്തു.
ഏതായാലും, വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ഇന്ത്യ ടുഡേയ്ക്ക് കഴിഞ്ഞിട്ടില്ല. സംഭവം എവിടെ ഇപ്പോൾ നടന്നു എന്നതും വ്യക്തമല്ല.