ഓൺലൈൻ ഭക്ഷ്യ ശൃംഖലയായ സ്വിഗ്ഗിയും ഒരു ഉപഭോക്താവും തമ്മിൽ കളിയായി തുടങ്ങിയ സംഭാഷണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു സാധാരണ തമാശ എങ്ങനെയാണ് അവിശ്വസനീയമായ യാഥാർഥ്യമായി മാറിയതെന്നാണ് വീഡിയോയിൽ കാണുന്നത്.
സംഭവം എന്താണന്നല്ലേ? ഗോപേഷ് ഖേതൻ എന്ന ഉപഭോക്താവ് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനോട് തമാശ രൂപേണ ഒരു പരാതി അറിയിച്ചു. എപ്പോൾ ഓർഡർ എടുത്താലും സാധങ്ങൾക്കൊപ്പം ഒരു പാക്കറ്റ് മല്ലി മാത്രമാണ് നിങ്ങൾ നൽകാറുള്ളത്. ഇനി എങ്കിലും ഇതൊന്നും മാറ്റിപ്പിടിച്ചൂടേ, മല്ലിക്ക് പകരം ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ , സൗജന്യമായി ഡെലിവറി ചെയ്തൂടെ എന്നാണ് യുവാവ് ചോദിച്ചത്.
ഉടൻ തന്നെ സ്വിഗ്ഗി ഇൻസ്റ്റമാർട്ടും ഉപഭോക്താവും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയിൽപെട്ടു. ഒരു കുഞ്ഞ് തമാശ എങ്ങനെ ആശ്ചര്യപെടുത്തുന്ന സംഭവമായി മാറി എന്നാണ് തുടർന്ന് നടന്ന സംഭവം വ്യക്തമാക്കുന്നത്. ഗോപേഷ് തമാശയായി പറഞ്ഞ കാര്യം സ്വിഗ്ഗി സാക്ഷാത്കരിച്ചു നൽകി.
തന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ട് ഗോപേഷ് ഇങ്ങനെ കുറിച്ചു “ എപ്പോഴും ഈ മല്ലിപൊടി അല്ലെ ഫ്രീ ആയി നൽകുന്നത്, പറ്റുമെങ്കിൽ ഒരു മാസത്തേക്കുള്ള സാധനങ്ങൾ സൗജന്യമായി തരൂ” എന്നാണ്.
ഉടൻ തന്നെ ഗോപേഷിന്റെ പോസ്റ്റിനു മറുപടി നൽകി സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും രംഗത്തെത്തി. “ഞാൻ നോട്ടും പേനയും അടുത്തുവച്ചാണ് ഇത് വായിക്കുന്നത്, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എന്നോട് പറയൂ”.എന്ന് കുറിച്ചു.
സ്വിഗ്ഗി മറുപടി നൽകിയിട്ടും യുവാവ് അതത്ര കാര്യമായി എടുത്തില്ല. എന്നാൽ തൊട്ടുപിന്നാലെ ഒരു മാസത്തെ മുഴുവൻ സാധനങ്ങളുമായി ഒരു ഡെലിവറി ഗോപേഷിന്റെ വീട്ടിൽ എത്തി. ബെല്ലെടിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഗോപേഷിനു മനസിലായത്. വീട്ടിലേക്ക് വേണ്ട മുഴുവൻ സാധങ്ങളുമായി സ്വിഗ്ഗി നേരിട്ടെത്തിയിരിക്കുകയാണ്. നിരവധി സാധനങ്ങൾക്കൊപ്പം നാച്ചോസ്, ഒരു റൊട്ടി, തൽക്ഷണ നൂഡിൽസ്, ഒരു കുപ്പി റൂഹ് അഫ്സ എന്നിവയും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇതെല്ലാം കണ്ടു അത്ഭുതപെട്ടുപോയ ഗോപേഷ് സാധനങ്ങൾ എല്ലാം ഫ്രിഡ്ജിൽ നിറയ്ക്കുകയും അതിന്റെ ചിത്രങ്ങൾ എക്‌സിൽ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഒരു കുറിപ്പും എഴുതി “@SwiggyInstamart തമാശയ്ക്ക് ആയിരുന്നെങ്കിലും ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങൾ ലഭിച്ചു, നിങ്ങൾ ഒരു അത്ഭുതം തന്നെ”.
ഏതായാലും ഗോപേഷും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും തമ്മിലുള്ള രസകരമായ ഈ മുഹൂർത്തം നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായിമാറിയത്. നിരവധി പേരാണ് പോസ്റ്റിനു കമ്മെന്റുകളുമായി രംഗത്തെത്തിയത്.