ഒരു ദശാബ്ദക്കാലം നിങ്ങളുടെ ഹൃദയവും ആത്മാവും ഒരു പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സങ്കല്‍പ്പിക്കുക. അങ്ങിനെ ഒരാള്‍ ഒരു ജോലിക്കായി സമര്‍പ്പിച്ച ആത്മാര്‍പ്പണത്തിന്റെ കഥ പറയാം. തീപ്പെട്ടി കമ്പുകൊണ്ട് ഒരാള്‍ ഉണ്ടാക്കിയ ഈഫല്‍ ടവര്‍ വന്‍ ശ്രദ്ധ നേടുന്നു. 47 കാരനായ റിച്ചാര്‍ഡ് പ്ലൗഡ് ഏഴൂലക്ഷം തീപ്പെട്ടിക്കമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഈഫല്‍ടവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റാണ്.
2015-ല്‍ നിര്‍മ്മാണം തുടങ്ങിയ ഈഫല്‍ ടവറിന്റെ മിനിയേച്ചറിനായി കഴിഞ്ഞ 8 വര്‍ഷമായി ഏകദേശം 4,200 മണിക്കൂര്‍ ജോലി ചെയ്താണ് നിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. 706,900 തീപ്പെട്ടികമ്പുകള്‍ 402 പാനലുകളായി ഒട്ടിച്ചു, തുടര്‍ന്ന് അദ്ദേഹം ആകര്‍ഷകമായ ഘടനയിലേക്ക് കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ ഈഫല്‍ ടവര്‍ മോഡല്‍ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമല്ലെന്ന് വെളിപ്പെടുത്തല്‍ അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്.
2009-ല്‍ ലെബനീസ് കരകൗശല വിദഗ്ധന്‍ ടൗഫിക് ഡാഹറിന്റെ പേരിലാണ് ഇപ്പോള്‍ ഈ ഗിന്നസ് റെക്കോഡുള്ളത്. 6.53 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തീപ്പെട്ടി ഈഫല്‍ ടവറിനാണ് നിലവിലെ ഗിന്നസ് റെക്കോഡ്. പ്ലൗഡിന്റെ ഈഫല്‍ ടവറിനും ദൃശ്യപരമായി ഈ ഉയരമുണ്ടെങ്കിലൂം പ്ലൗഡ് ഉപയോഗിച്ചത് തലയില്ലാത്ത തീപ്പെട്ടിക്കോലുകള്‍ ആണെന്നതാണ് ഗിന്നസ് റെക്കോര്‍ഡിന് അയോഗ്യമാക്കിയത്. തീപ്പെട്ടിക്കൊള്ളിയുടെ തല നീക്കം ചെയ്യുന്നത് വളരെ വിരസവും പണിപ്പെട്ടതുമായ കാര്യമായതിനാല്‍ തലയില്ലാത്ത തീപ്പെട്ടിക്കൊള്ളികള്‍ പ്ലൗഡ് ഫ്രഞ്ച് തീപ്പെട്ടി നിര്‍മ്മാതാക്കളായ ഫ്‌ലാം’അപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
ഇത് നിര്‍മ്മാണപ്രക്രിയ വേഗത്തില്‍ ആക്കിയെങ്കിലും ഗിന്നസ് നിയമങ്ങള്‍ അനുസരിച്ച ‘വാണിജ്യപരമായി ലഭ്യമായവ’ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നു.”ഇത് വളരെ ആശ്ചര്യകരമാണ്, യഥാര്‍ത്ഥത്തില്‍ ശല്യപ്പെടുത്തുന്നതാണ്. ഞാന്‍ ചെയ്ത ജോലി, ഞാന്‍ ചെലവഴിച്ച സമയം, മാനസിക ഊര്‍ജ്ജം എന്നിവ അവര്‍ അംഗീകരിക്കുന്നില്ല എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത് – കാരണം അത് എളുപ്പമായിരുന്നില്ല എന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും.” ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ കഴിയാത്തതിനെക്കുറിച്ച് പ്ലൗഡ് പറഞ്ഞു.