ഓടുന്ന വാഹനങ്ങളിൽ ചാടി കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തിൽ ബസിന്റെയും ട്രെയിനിന്റെയും പുറകെ ഓടി ജീവൻവരെ ആളുകൾക്ക് നഷ്ടമായിട്ടുള്ള നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്രെയൊക്കെ ഉണ്ടായിട്ടും ഇതൊന്നും വകവെക്കാതെ വാഹനം മിസ്സാകല്ലേ എന്നോർത്തു എങ്ങനെയും ഇവക്ക് പിന്നാലെ പായുന്ന നിരവധി ആളുകളുണ്ട്.
ഒടുവിൽ വലിയ വിപത്തുകൾ നേരിടേണ്ടിവരുമ്പോഴാണ് പലർക്കും കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്. ഏതായാലും അങ്ങനെ ഉള്ളവർക്കു ഒരു പാഠമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവാവ് തലനാരിഴയ്ക്ക് വലിയ ആപത്തിൽ നിന്നും രക്ഷപ്പെടുന്നതിന്റെ ഭയാനകം ദൃശ്യങ്ങളാണിത്.
@Priya Singh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഒരാൾ ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാൽ അയാൾ പെട്ടെന്ന് കാൽ വഴുതി ട്രെയിനിനും പ്ലാറ്റഫോമിനും ഇടയിലേക്ക് വീഴുന്നു. തുടർന്ന് ട്രെയിൻ യുവാവിനെയും വലിച്ചിഴച്ചുകൊണ്ട് ഏകദേശം 500 മീറ്ററോളമാണ് നീങ്ങിയത്.
ഭാഗ്യവശാൽ, മറ്റൊരു യാത്രക്കാരൻ പെട്ടെന്ന് സംഭവം കാണുകയും യുവാവിനെ വലിച്ചു പ്ലാറ്റഫോമിലേക്ക് ഇടുകയും ആയിരുന്നു. ഇതോടെ വലിയ ഒരു ദുരന്തമാണ് ഒഴിവായിപ്പോയത്. ഫെബ്രുവരി ഒന്നിന് വൈറലായ വീഡിയോ ജയ്പൂരിലെ ഗാന്ധിനഗറിൽ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.