കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്.
സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഒരു കൈയില്‍ സ്‌ക്രൂഡ്രൈവറുമായാണ് യുവാവിന്റെ അതിക്രമം. യുവതിയുടെ വസ്ത്രങ്ങളാകെ രക്തം പുരണ്ട നിലയിലാണ്. തന്നെ ഉപദ്രവിക്കരുതെന്നു കേണപേക്ഷിച്ചിട്ടും ഇയാള്‍ വഴങ്ങുന്നില്ല. പ്രദേശവാസികള്‍ ഓടിയെത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍, ഇവരെ ആട്ടിയോടിച്ചുകൊണ്ട് ക്രുദ്ധനായി അലറിവിളിച്ച് ഇയാള്‍ ആക്രമണം തുടരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കഴുത്ത്, തലയോട്ടി, വലതുചെവി എന്നിവയ്ക്ക് ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹമോചനത്തിനു ശ്രമിക്കുന്ന ഭര്‍ത്താവ് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാന്‍ തന്നെയും മകളെയും കൊല്ലാനായിരുന്നു പദ്ധതിയിട്ടതെന്നു പീഡനത്തിനിരയായ ഹര്‍ജീന്ദര്‍ കൗര്‍ ആരോപിച്ചു.