ഭോപ്പാൽ: ദിവസം മുഴുവന്‍ മൊബൈലില്‍ പബ്ജി കളിച്ചതിനു പിന്നാലെ ഭാര്യയുമായി നടന്ന തർക്കത്തിനിടെ അവരെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു പോകണമെന്ന് ഭാര്യയായ നേഹ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് രഞ്ജീത് നേഹയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും അവളെ തിരികെ കൊണ്ടുപോകണം എന്നുമായിരുന്നു സന്ദേശം. ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നേഹയെ ആണ് കുടുംബം കണ്ടത്. ഉടന്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതിനിടെ, രഞ്ജീതും ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ സമ്മർദം ചെലുത്തിയതെന്ന് കുടുംബം പറഞ്ഞു.




