പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അബുദാബിയില്‍ വച്ച് മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുക്കുന്ന മേക്കോവര്‍ തന്നെയാണ് ഇീ ടീസറിന്റെ പ്രധാന ആകർഷണം. ലോഞ്ചിന് ശേഷം മമ്മൂട്ടി ആരാധകരോട് നടത്തിയ പ്രസംഗം ശ്രദ്ധേയമായി.
“ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങൾ അങ്ങനെ . വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണത്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്ന് കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ പറ്റൂള്ളൂ. ഒരു മുൻവിധികളുമില്ലാതെ. ഈ സിനിമ നിങ്ങളെ ഞെട്ടിപ്പിക്കുമോ, പരിഭ്രമിപ്പിക്കുമെ, സംഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കണ്ട.
ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാൻ ആദ്യമേ പറയുന്നില്ല. ഇത് മലയാളസിനിമയിൽ പുതിയൊരു അനുഭവമായിരിക്കും. നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്‌ചകളും ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണിക്കുന്ന സിനിമയാണിത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടക്കുന്ന കഥയാണ് സിനിമക്ക്. ആ കാലഘട്ടത്തിലാണ് പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. അത് ഇന്ത്യയുടെ സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഈ കഥയിൽ വലിയ പ്രാധാന്യമുണ്ട്. അത്ര മാത്രമേ ഈ സിനിമയെപ്പറ്റി ഇപ്പോൾ പറയാനാകൂ. വേറൊരു കഥയും നിങ്ങൾ ആലോചിക്കരുത്’ മമ്മൂട്ടി പറഞ്ഞു.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ഭ്രമയുഗം ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ്.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. ടി ഡി രാമകൃഷ്ണന്‍ രചനയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ഭ്രമയുഗം’ റിലീസിനെത്തും. ഡിനോ ഡെന്നീസിന്റെ ബസൂക്ക, വൈശാഖിന്റെ ടര്‍ബോ എന്നിവയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പ്രൊജക്ടുകള്‍.