മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്തരമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ പലരും മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമോട്ടോഗ്രാഫറായ പി സുകുമാര്‍ ഓര്‍മ്മകള്‍ പങ്കിടുകയാണ്. കഥ പറയുമ്പോള്‍ സിനിമയിലെ ക്ലൈമാക്സ് പ്രസംഗം മമ്മൂക്ക റിഹേഴ്സല്‍ ഇല്ലാതെയാണ് ചെയ്തതെന്നാണ് സുകുമാര്‍ പറയുന്നത്. ‘‘സംഭാഷണത്തിന്റെ ഇമോഷന്‍ മുഴുവന്‍ മനസ്സിലാക്കിയിട്ട്, അദ്ദേഹത്തിന്റെ മൂഡില്‍ പറഞ്ഞതാണത്. രണ്ടു ക്യാമറയുണ്ടായിരുന്നു ആ രംഗത്ത്. ഒന്ന് എന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുള്ള സുധിയാണ് ഓപ്പറേറ്റ് ചെയ്തത്. മമ്മൂക്കയ്ക്ക് തൊണ്ടയൊക്കെ ഇടറി, സംഭാഷണം പറയാന്‍ പറ്റാതെ വന്നു. ആ ഇമോഷന്‍ അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്കയത് പറഞ്ഞത്. കട്ട് ചെയ്യാതെയാണത് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. ഒറ്റ ലെഗ്തില്‍ നാലു മിനിറ്റ് ഷോട്ട് എടുത്തു…’’ സുകുമാര്‍ പറയുന്നു.
മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അതിഥി വേഷം കൂടിയായിരുന്നു ‘കഥ പറയുമ്പോള്‍’ സിനിമയിലേത്. ബാര്‍ബര്‍ ബാലന്റെയും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ സിനിമ വന്‍ വിജയമായിരുന്നു. തന്റെ കന്നി സംവിധാനത്തില്‍ പിറന്ന ഈ സിനിമയെക്കുറിച്ചും ക്ലൈമാക്സിനെക്കുറിച്ചും സംവിധായകന്‍ എം. മോഹനനും മുന്‍പ് പറഞ്ഞിട്ടുണ്ട്. ‘‘ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കട്ട് പോകാന്‍ മറന്നുപോയിട്ടുണ്ട്. ക്ലൈമാക്‌സില്‍ മമ്മൂക്ക ബാലനെ കുറിച്ച് പറയുന്ന സീനായിരുന്നു അത്. അസോസിയേറ്റ് സംഭാഷണം പ്രോംറ്റ് ചെയ്ത് കൊടുക്കുന്നു. മമ്മൂട്ടി ഗംഭീരമായി സംഭാഷണംപറഞ്ഞ് അഭിനയിക്കുകയാണ്. ഷോട്ട് ടൈം കഴിഞ്ഞിട്ടും ഞാന്‍ കട്ട് പറഞ്ഞില്ല. സിനിമയാണെന്ന് മറന്നുപോയി. എന്റെ മുന്നില്‍ നിന്ന് സുഹൃത്തിനെ കുറിച്ച് ഒരാള്‍ സംസാരിക്കുന്നത് പോലെയായിരുന്നു അനുഭവം. രണ്ട് ക്യാമറ വച്ചായിരുന്നു ഷൂട്ട് ചെയ്തത്…’’ മോഹനന്‍ പറയുന്നു. കഥ പറയുമ്പോള്‍ നിറഞ്ഞ സദസ്സില്‍ 100 ദിനം പ്രദര്‍ശിപ്പിക്കുകയും കൊച്ചിയില്‍ വച്ച് വന്‍വിജയാഘോഷം നടക്കുകയും ചെയ്തു. പിന്നീട് കുശേലന്‍ എന്ന പേരില്‍ തമിഴിലും, ബില്ലു എന്ന പേരില്‍ ഹിന്ദിയിലും പടം റീമേക്ക് ചെയ്യപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെയായിരുന്നു റീമേക്കുകളില്‍ അഭിനയിച്ചത്.